വായനാ സംസ്‌കാരത്തെ കാലത്തിനൊത്ത് പരിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം : വായനാ സംസ്‌കാരത്തെ കാലത്തിനൊത്ത് പരിഷ്‌കരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈബ്രറികളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുമ്പോഴും മലയാളികളും ഗ്രന്ഥശാലകളും നൂതന സങ്കേതങ്ങളെ എത്രകണ്ടു കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.എൻ. പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വായനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പുസ്തകം കൊണ്ടുപോയാൽ മാത്രമേ വായന നടക്കുമായിരുന്നുള്ളൂ എന്ന കാലത്തിൽനിന്നു മാറി വായിക്കണമെന്നു തോന്നുന്ന പുസ്തകം വരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ ഇന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വായിക്കാൻ സമയമില്ലെങ്കിൽ അവ വായിച്ചു കേൾപ്പിക്കുന്ന പോഡ്കാസ്റ്റിങ് സംവിധാനവുമുണ്ട്. കാലത്തിനനുസൃതമായി സ്വയം നവീകരിച്ച് വായനാ സംസ്‌കാരത്തെ പരിഷ്‌കരിക്കാൻ കഴിയണം.
അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സമൂഹത്തിൽ വൻതോതിൽ നടക്കുന്നതു തിരിച്ചറിയണം. അവയെ ചെറുക്കാൻ കഴിയുന്ന മൂർച്ചയേറിയ ആയുധമാണു വായന. പൊതുജനങ്ങൾക്ക് ഒത്തുചേരാനും അവരുടെ വൈജ്ഞാനിക മണ്ഡലത്തെ വികസിപ്പിക്കാനും കഴിയുന്ന ഇടങ്ങളായി പുതിയ കാലത്തു ഗ്രന്ഥാലയങ്ങൾ മാറേണ്ടതുണ്ട്. വൈജ്ഞാനിക വികാസം മാത്രമല്ല, നമ്മൾ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങൾ തരണം ചെയ്യാൻ സഹായിക്കുന്ന ചർച്ചകൾ ഉയർത്തിക്കൊണ്ടുവരുന്നതിലും സാമൂഹ്യ മുന്നേറ്റത്തിനായി ജനങ്ങളെയാകെ സജ്ജീകരിക്കുന്നതിലും ലൈബ്രറികളിലൂടെ ഉയരുന്ന കൂട്ടായ്മകൾക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിളവൂർക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി വരദ ആർ.പി. എഴുതിയ ഊഞ്ഞാലുകുട്ടീടെ ഉമ്മിണിക്കാര്യങ്ങൾ എന്ന പുസ്തകം ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, രാജ്യസഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ പ്രഫ. പി.ജെ. കുര്യൻ, മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, എസ്. സുരേഷ്, ഷമ്മി ലോറൻസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.