സിൽവർ ലൈനിന്റെ ഗുണങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി നിവേദനം നൽകി
text_fieldsന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ഗുണഗണങ്ങൾ വിശദീകരിക്കുന്ന നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കൈമാറി. നിവേദനത്തിലെ കാര്യങ്ങൾ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഇങ്ങനെ വിശദീകരിച്ചു:
കേരളം ഗതാഗത രംഗത്ത് ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്ന നാടാണ്. സുരക്ഷിതവും വേഗമേറിയതുമായ ഗതാഗത സംവിധാനം വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ്. നിലവിലെ സംവിധാനങ്ങൾ ആധുനിക കാലവുമായി തട്ടിച്ചു നോക്കിയാൽ അപര്യാപ്തമാണ്. അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ കേരളത്തിൽ ഗതാഗത വേഗം 40 ശതമാനം കുറവാണ്. തിരുവനന്തപുരത്തു നിന്ന് കാസർകോട്ട് എത്താൻ 13 മണിക്കൂർ വേണം. അത് നാലു മണിക്കൂറാക്കി കുറക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും മലിനീകരണം കുറക്കാനും സിൽവർ പാതകൊണ്ട് കഴിയും. പാരിസ്ഥിതികമായ ആശങ്കകൾ കണക്കിലെടുത്താണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. കേരളത്തിന്റെ 50 വർഷത്തെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ പാത സഹായിക്കും.
യാത്രക്കാരിൽ നിന്നുള്ള വരുമാനം കൊണ്ടു തന്നെ സിൽവർ ലൈൻ പ്രവർത്തനങ്ങൾ മുന്നോട്ടു പോകും. വിദേശവായ്പ ലഭ്യമാക്കാൻ കേന്ദ്രസഹായം വേണം. തിരിച്ചടവ് ബാധ്യത സംസ്ഥാന സർക്കാർ ഏറ്റെടുക്കും.
ഇപ്പോഴത്തെ സർവേ വഴി ആർക്കും നഷ്ടം സംഭവിക്കില്ല. സമരങ്ങൾ നിക്ഷിപ്ത താൽപര്യക്കാരുടേതാണ്. സാമൂഹികാഘാത പഠനം നടത്തിയ ശേഷം പദ്ധതി ബാധിക്കുന്ന എല്ലാവരെയും വിളിച്ചു കൂട്ടി നഷ്ടപ്പെടുന്ന സ്വത്തിന് കൂടുതൽ വില നൽകി സർക്കാർ അവർക്കൊപ്പം നിൽക്കും. 9,394 കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമ്പോൾ മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ജീവനോപാധി സംരക്ഷണവും ഉറപ്പാക്കും.
2030നകം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ദേശീയ റെയിൽ പദ്ധതിയുടെ ഭാഗമാണ് സിൽവർ ലൈനെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അനുമതി വേഗത്തിൽ നൽകിയാൽ പണി നേരത്തെ തുടങ്ങാം.
പി.എം ഗതിശക്തിയുടെ ഭാഗമായി സിൽവർ ലൈനിനെ കണക്കാക്കുന്നതിന് പ്രധാനമന്ത്രിയുടെ ഇടപെടൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി. ജോയിക്കൊപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്.
ബഫർ സോണിന് നഷ്ടപരിഹാരമില്ല -മുഖ്യമന്ത്രി
ന്യൂഡൽഹി: സിൽവർ ലൈൻ റെയിൽപാതയുടെ ഇരുവശത്തും ബഫർ സോണായി നിശ്ചയിക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാതയുടെ അലൈൻമെന്റിൽ മാറ്റം വരുമോ എന്ന് പറയാറായിട്ടില്ല. അതിനെക്കുറിച്ച് പഠനം നടത്താനാണ് സർവേ നടത്തി കല്ലിടുന്നത്. അതിനു ശേഷമാണ് അലൈൻമെന്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. കല്ലിടൽ ക്രയവിക്രയത്തെ ഒരു വിധത്തിലും ബാധിക്കില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
പദ്ധതിക്ക് അനുമതി വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം വകവെക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ ഭാവിക്ക് ആവശ്യമാണെന്നു കാണുന്ന ഒരു പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്ക് വഴങ്ങിക്കൊടുക്കലല്ല സർക്കാറിന്റെ ചുമതല.
വികസനം നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടാവും. അത് പരിഹരിക്കേണ്ടത് സർക്കാറിന്റെ കടമയാണ്. ഏറ്റെടുക്കുന്ന ഭൂമിക്ക് അർഹമായ നഷ്ടപരിഹാരത്തിനൊപ്പം കൃത്യമായ പുനരധിവാസവും ഉറപ്പാക്കും.
ബഫർ സോണായി നിശ്ചയിക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകാനാവില്ല. പാതക്കു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തോടു ചേർന്ന ഭൂമിയിൽ ഒന്നും ചെയ്യാൻ പാടില്ലെന്നു വന്നാലും, ഭൂമി അവരുടേതുതന്നെയാണ്. ഭൂമി വിട്ടു കൊടുക്കുമ്പോൾ മാത്രമാണ് വില കൊടുക്കുന്നത്. റോഡരികിൽ ഇത്ര മീറ്റർ വിട്ടു മാത്രമേ കെട്ടിടം പണിയാനാവൂ എന്ന് നിയമമുണ്ട്. കെട്ടിടം പണിയാൻ പാടില്ലെന്നു പറയുന്ന സ്ഥലത്തിന് വില കൊടുക്കാറില്ല. ആ സമ്പ്രദായം തന്നെയാണ് ഇവിടെയും. ബഫർസോൺ എത്ര മീറ്ററാണെന്ന കാര്യമൊക്കെ സാങ്കേതികമാണ്. അതിലൊക്കെ പിന്നീട് വ്യക്തത വരുത്താവുന്നതേയുള്ളൂ. വ്യക്തത വരുത്തേണ്ടയാൾ ഞാനല്ല. പഠനം നടക്കുന്നത് പദ്ധതി ഒഴിവാക്കാനല്ല, നടപ്പാക്കാനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പാതക്കെതിരായ സമരത്തിനു പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണ്. സങ്കുചിത രാഷ്ട്രീയ താൽപര്യത്തോടെ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വികസന വിരുദ്ധ, വിദ്രോഹ സഖ്യത്തെ തുറന്നുകാട്ടി മുന്നോട്ടു പോകും. ജനങ്ങളെ മാത്രമാണ് സർക്കാർ പരിഗണിക്കുന്നത്. ആ ജനങ്ങൾ സർക്കാറിനൊപ്പമുണ്ട്. സമരത്തിന് വന്നവരാണ് ജനങ്ങളെന്ന് തെറ്റിദ്ധരിക്കേണ്ട.
ഏതു ഘട്ടത്തിലാണ് കേരളത്തിൽ പ്രതിഷേധം ഉണ്ടാകാതിരുന്നിട്ടുള്ളത്? ഏതു പദ്ധതിയെയും എതിർക്കാൻ ആളുണ്ടാവുമെന്നതാണ് നമ്മുടെ നാടിന്റെ ദൗർഭാഗ്യം. ഗെയിൽ പൈപ് ലൈൻ പോകുന്നതിനെപ്പറ്റി, എന്തോ ബോംബാണ് പോകുന്നതെന്നാണ് പ്രചരിപ്പിച്ചത്. ദേശീയപാത വികസനം നടക്കാൻ വൈകിയത് എന്തുകൊണ്ടാണ്? പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിച്ച് ഗെയിൽ കേരളത്തിൽ നിന്ന് മടങ്ങിയതല്ലേ? ഇത്തരം പ്രതിഷേധങ്ങളാണ് നമ്മുടെ നാടിന് വലിയ ബാധ്യത ഉണ്ടാക്കിയത്.
സിൽവർ ലൈൻ പദ്ധതി പൊളിക്കാൻ വിചിത്ര സഖ്യംതന്നെ ഇതിനായി കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നു. ഏതാനും മാധ്യമങ്ങളും നിർഭാഗ്യവശാൽ അതിനു കൂട്ടുനിൽക്കുന്നു. സമരത്തിന് അതിവൈകാരികതയും അസാധാരണമായ പ്രാധാന്യവും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഇത്തരം മാധ്യമങ്ങൾ പങ്കുവഹിക്കുന്നു. ഞങ്ങൾക്ക് ഇതിലൊന്നും പുതുമ തോന്നുന്നില്ല. അർധസത്യവും അതിശയോക്തിയും നിറഞ്ഞ വാർത്തകൾ സൃഷ്ടിക്കുന്നതിൽനിന്ന് മാധ്യമങ്ങൾ പിന്മാറണം.
- സിൽവർ ലൈനിന്റെ കാര്യത്തിൽ ജനവിശ്വാസം നേടാൻ കഴിഞ്ഞോ?
ജനങ്ങളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടു പോകുന്നത്. നാളെ എന്താണ് സംഭവിക്കുന്നതെന്നും ജനങ്ങൾ ഏതു തരത്തിലാണ് പ്രതികരിക്കാൻ പോകുന്നതെന്നും ഇനി നിങ്ങൾക്ക് കാണാം. ഞങ്ങൾക്ക് ഒരാശങ്കയും ഇല്ല. ജനങ്ങൾ കാര്യങ്ങൾ മനസിലാക്കുന്നവരാണ്. പൂർണമായിത്തന്നെ ജനം ഇതിനൊപ്പം നിൽക്കും.
- സമരം ജനങ്ങളുടെ ആശങ്കയല്ലേ കാണിക്കുന്നത്?
ജനങ്ങളുടെ ആശങ്കയല്ല അത്. ചില രാഷ്ട്രീയ ഗൂഢാലോചനകളുടെ ഭാഗമായി രൂപപ്പെട്ട സമരരൂപമാണിത്. അതു ജനങ്ങളുടെ പിടലിക്ക് വെക്കേണ്ട.
- സമരത്തിൽ പങ്കെടുക്കുന്നവർ തീവ്രവാദ സ്വഭാവമുള്ളവരാണെന്ന് കരുതുന്നുണ്ടോ?
സമരത്തിൽ എല്ലാ സ്വഭാവക്കാരും കാണും.
- പിഴുതുകളഞ്ഞ കല്ല് വീണ്ടും ഇടുമോ?
അതൊക്കെ പിന്നീട് തീരുമാനിക്കാവുന്നതേയുള്ളൂ. ഒരു കല്ലെടുത്തു കൊണ്ടുപോയാൽ ഈ പദ്ധതി അവസാനിപ്പിക്കാൻ പറ്റുമോ?
- കല്ലിട്ടു കഴിഞ്ഞാൽ ക്രയവിക്രയം നടത്തുന്നതിന് പ്രയാസം വരില്ലേ? അതൊഴിവാക്കി ആളുകളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാൻ സർക്കാറിന് കഴിയുമായിരുന്നില്ലേ?
ഇക്കാര്യത്തിൽ മാധ്യമങ്ങൾ അടക്കം തെറ്റിദ്ധരിച്ചു എന്നതാണ് ശരി. ഇപ്പോഴത്തെ കല്ലിടൽ സാമൂഹികാഘാത പഠനത്തിന്റെ ഭാഗമാണ്. അത് ഏതെങ്കിലും തരത്തിലുള്ള ക്രയവിക്രയ നിരോധനമല്ല. ഭൂമി ഏറ്റെടുക്കലിലേക്ക് വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉയർന്നു വരുന്നത്.
- കല്ലിടുന്ന സ്ഥലം തന്നെയല്ലേ ഏറ്റെടുക്കാൻ പോകുന്നത്?
കല്ലിടുന്ന സ്ഥലവുമായി ബന്ധപ്പെട്ട് പഠനം നടത്തി, അതിന്റെ ഭാഗമായി തീരുമാനം വന്നാലേ ഭൂമി ഏറ്റെടുക്കുകയുള്ളൂ.
- ഈ കാലയളവിൽ ഒരനിശ്ചിതത്വം ഉണ്ടാകുന്നില്ലേ?
ഒന്നുമില്ല. അനിശ്ചിതത്വം തീരുമാനമെടുക്കേണ്ടവർക്കാണ്. മറ്റുള്ളവരെ സംബന്ധിച്ചേടത്തോളം, ഒരു കാര്യവും ഇപ്പോൾ ബാധിക്കുന്നില്ല. എല്ലാം അതേ നിലയിൽ നിലനിൽക്കും. സ്ഥലം ഇപ്പോൾ ഏറ്റെടുക്കുന്നില്ല. ക്രയവിക്രയത്തിന് തടസ്സം വരുന്നില്ല. ഒരു പ്രശ്നവും ഇപ്പോഴില്ല.
- അലൈൻമെന്റിൽ മാറ്റം വരുമോ?
അതു സാങ്കേതിക കാര്യങ്ങളാണ്. അതിനു മറുപടി പറയേണ്ടയാൾ ഞാനല്ല. സാങ്കേതികമായി തീരുമാനിച്ച അലൈൻമെന്റ് സാങ്കേതികമായി നിലനിൽക്കും. അതിൽ ഭരണകർത്താക്കൾ ഇടപെട്ട് മാറ്റം വരുത്തുന്ന പ്രശ്നമില്ല.
- കല്ലിട്ട സ്ഥലംതന്നെയല്ലേ പാതയുടെ അലൈൻമെന്റിന് തീരുമാനിച്ചിട്ടുള്ളത്?
അതിനെക്കുറിച്ച് പഠനം നടത്താനാണ് കല്ലിടുന്നത്. അതിനുശേഷമാണ് തീരുമാനം എടുക്കുന്നത്.
- അതായത് വേണമെങ്കിൽ തീരുമാനത്തിൽ മാറ്റം വരാം?
എന്നൊന്നും ഞാൻ പറയുന്നില്ല. തീരുമാനം വരുന്നത് ആ പഠനത്തിന് ശേഷമാണ്.
- സാമൂഹികാഘാത പഠനത്തിന് കല്ലിടാതെയും സർവേ നടത്താമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സർക്കാർ പരിഗണിക്കുമോ?
ഒരുപാട് നിർദേശങ്ങൾ വരുമല്ലോ. അതൊക്കെ പിന്നീട് നോക്കേണ്ട കാര്യമാണ്.
- കമീഷനടിക്കാനുള്ള പദ്ധതിയാണിതെന്ന് പൊതുവെ എല്ലാവരും ആരോപിക്കുന്നു?
എല്ലാവരുമല്ല. എന്തും വിളിച്ചു പറയാൻ മടിയില്ലാത്ത ചില ദുഷ്ടമനസ്സുകൾ നമ്മുടെ നാട്ടിലുണ്ട്. എന്തുകിട്ടിയാലും പോരട്ടേ എന്നു ചിന്തിക്കുന്നവർ. ഒരവസരം വന്നാൽ കീശ വീർപ്പിച്ചേക്കാമെന്ന് അവർ വിചാരിക്കും. ഞങ്ങളായിരുന്നെങ്കിൽ ഇതു നല്ലൊരു അവസരമായേനെ എന്ന് കണക്കു കൂട്ടിയിട്ടാണ് അത്തരക്കാർ സംസാരിക്കുന്നത്. അതിലൊന്നുമല്ല ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾക്ക് ജനങ്ങളെ അറിയാം. ജനങ്ങൾക്ക് ഞങ്ങളെയും അറിയാം.
സാമൂഹികാഘാത പഠന റിപ്പോർട്ട് എതിരായാൽ പദ്ധതി ഉപേക്ഷിക്കുമോ എന്ന ചോദ്യത്തിൽനിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. കൊച്ചി മെട്രോ, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങി വിവിധ പദ്ധതികളെ ഇടതുപാർട്ടികൾ മുമ്പ് എതിർത്തത് ശരിയായിരുന്നോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.