എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന ഒരു ലോകസങ്കൽപ്പമാണ് ഓണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം : എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു ലോകസങ്കൽപ്പമാണ് ഓണം മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ. ഈ ഓണക്കാലം സമൃദ്ധമാക്കാൻ 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണ്. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 1,762 കോടി രൂപ സർക്കാർ അനുവദിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്. ഈ മാസം രണ്ടാം വാരം ആരംഭിച്ചു 23 വരെയാണ് വിതരണം. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷനെത്തുക.
കേന്ദ്രത്തിൽ നിന്ന് ന്യായമായും ലഭിക്കേണ്ട പല പദ്ധതി, നികുതി വിഹിതങ്ങളും പിടിച്ചുവെക്കപ്പെട്ടതുകൊണ്ട് കേരളം വലിയ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ ജനവിഭാഗത്തിന്റെ ക്ഷേമമുറപ്പാക്കാനുള്ള നിരവധി നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്. മുടക്കമില്ലാതെ തുടർന്നുവരുന്ന ക്ഷേമപെൻഷൻ വിതരണം ഈ ജനകീയ വികസന കാഴ്ചപ്പാടിന്റെ തുടർച്ചയാണ്. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന കൂടുതൽ സുന്ദരമായ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പുകളാണ് ഈ വികസന നടപടികളെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.