യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാനെ ചോദ്യം ചെയ്തു
text_fieldsനവകേരള യാത്രക്കിടെ, യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേസില്‍ ക്രൈംബ്രാഞ്ച് രഹസ്യമായി മുഖ്യമന്ത്രിയുടെ ഗൺമാന്‍റെയും സുരക്ഷാ സേനാംഗത്തിന്‍റെയും മൊഴിയെടുത്തു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇരുവരെയും തിരുവനന്തപുരത്ത് പോയി കണ്ടാണ് മൊഴിയെടുത്തത്. ചോദ്യം ചെയ്യുന്നതിന് ആലപ്പുഴയിലെത്തണമെന്ന് കാട്ടി കഴിഞ്ഞ ജനുവരി മുതൽ പലതവണ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നെങ്കിലും രണ്ടുപേരും ഹാജരായില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരുടെ മൊഴിയാണ് എടുത്തത്.
ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശ പ്രകാരം കേസെടുത്ത് അഞ്ച് മാസം പിന്നിടുമ്പോഴാണ് ഗൺമാൻ അടക്കമുള്ളവരെ അതീവ രഹസ്യമായി പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഗൺമാൻ അനിൽ കുമാറിന് നേരത്തെ ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകിയിരുന്നുത്. എന്നാൽ, ഡ്യൂട്ടിയിലാണെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയാണ് മുഖ്യമന്ത്രിയുടെ ഗൺമാനായ അനിൽ കുമാർ. സുരക്ഷാസേനയിലെ എസ്. സദ്ദീപും കണ്ടാലയറിയുന്ന ഉദ്യോഗസ്ഥരുമാണ് മറ്റ് പ്രതികൾ. ആയുധം കൊണ്ട് ഗുരുതര പരിക്കേൽപ്പിക്കൽ, അസഭ്യം പറയൽ അടക്കമുള്ള വകുപ്പുകാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
യൂത്ത് കോൺഗ്രസ്- കെ.എസ്.യുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആലപ്പുഴ സൗത്ത് പൊലീസിന് നിർദേശം നൽകിയത്. ഗൺമാന്‍റെ മർദനമേറ്റ കെ.എസ്.യു ജില്ല പ്രസഡന്‍റ് എ.ഡി. തോമസ് നൽകിയ ഹരജിയിലാണ് കോടതി നിർദേശിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ചെന്നായിരുന്നു പരാതി.
മുഖ്യമന്ത്രിയുടെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച കെ.എസ്.യു ജില്ല പ്രസിഡന്‍റ് എ.ഡി. തോമസിനെയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജുവൽ കുര്യാക്കോസിനെയും മുഖ്യമന്ത്രിയുടെ ഗൺമാന്മാരും പൊലീസും ചേർന്ന് വളഞ്ഞിട്ട് തല്ലിയിരുന്നു.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ്- കെ.എസ്.യു പ്രവർത്തകരിൽ രണ്ടു പേരെ സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. ഈ സമയം മുഖ്യമന്ത്രിയെയും വഹിച്ചു കൊണ്ടുള്ള ബസ് കടന്നു പോയി. എന്നാൽ, ബസിന് പിന്നാലെ വന്ന വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന ഗൺമാൻ അടക്കമുള്ള അംഗരക്ഷകർ കാറിൽ നിന്ന് ഇറങ്ങിവന്ന് ലാത്തി കൊണ്ട് മർദിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥരായ അനിൽ കല്ലിയൂരിനും സന്ദീപിനും എതിരെ എസ്.പിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. ജോലിയുടെ ഭാഗമായി ചെയ്ത പ്രവൃത്തിയെന്നാണ് ഉദ്യോഗസ്ഥർ എസ്.പിക്ക് റിപ്പോർട്ട് നൽകി. ഇതേതുടർന്നാണ് പൊലീസ് കേസെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹരജി നൽകിയത്.
മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ സമരക്കാരെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ, നവകേരള ബസിന് നേരെ കരിങ്കൊടി കാണിക്കാൻ എത്തിയവരെ ഗൺമാൻ മർദിക്കുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മർദന ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നും ബസിന് നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗൺമാന്‍റെ ചുമതലയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.