ധൂർത്തിന് കടിഞ്ഞാണില്ല
text_fieldsതിരുവനന്തപുരം: അഴിമതിയും ധൂർത്തുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ തുടർച്ചയായി ആരോപണങ്ങൾ ഉയരുമ്പോഴും കോടികള്‍ ചെലവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ ഓഫിസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവിൽ നവീകരണ പ്രവൃത്തികളുടെ ഉത്തരവ് പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ പുറത്തിറക്കി.
പൊതുമരാമത്ത് വകുപ്പിനാണ് നവീകരണ ചുമതല. ടെന്‍ഡര്‍ വിളിച്ച് പണി ആരംഭിക്കാൻ കാലതാമസം നേരിടുമെന്നതിനാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏൽപ്പിക്കുന്നതും പരിഗണനയിലാണ്. ഓഫിസും ചേംബറും ആകെ 60.46 ലക്ഷം മുടക്കിയാണ് നവീകരിക്കുക. ഇതിൽ മോടിപിടിപ്പിക്കലിന് മാത്രം 12.18 ലക്ഷം രൂപയുടെ അനുമതി നൽകി. ഫര്‍ണിചര്‍ ജോലികൾക്ക് 17.42 ലക്ഷം അനുവദിച്ചു. മുഖ്യമന്ത്രിയുടെ നെയിം ബോര്‍ഡ്, എംബ്ലം, ഫ്ലാഗ് പോള്‍സ് എന്നിവ തയാറാക്കുന്നതിന് 1.56 ലക്ഷമാണ് ചെലവ്. ശുചിമുറി, വിശ്രമമുറി എന്നിവക്ക്-1.72 ലക്ഷം, സ്പെഷല്‍ ഡിസൈനുള്ള പുഷ് ഡോർ- 1.85 ലക്ഷം. 92,920 രൂപയുടെ സോഫ അടക്കം ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നവീകരണം- 6.55 ലക്ഷം, ഇലക്ട്രിക്കല്‍ ജോലികൾ- 4.70 ലക്ഷം, എ.സി -11.55 ലക്ഷം, അഗ്നി ശമന സംവിധാനങ്ങൾ- 1.26 ലക്ഷം എന്നിങ്ങനെ തുക ചെലവിടും.
ഇതു കൂടാതെയാണ് 1.50 കോടി രൂപ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിനു ചെലവഴിക്കുന്നത്. കോണ്‍ഫറന്‍സ് ഹാളിന്റെ മോടിപിടിപ്പിക്കലിനായി 18.39 ലക്ഷവും ഫര്‍ണിച്ചറിന് 17.42 ലക്ഷവും നെയിം ബോര്‍ഡ്, എംബ്ലം എന്നിവക്ക് 1.51 ലക്ഷവുമാണ് മുടക്കുക. ശുചിമുറിക്ക് 1.39 ലക്ഷം, പ്ലംബിങ്ങിന് 1.03 ലക്ഷം, കിച്ചണ്‍ ഉപകരണങ്ങള്‍ക്ക് 74,000 , സ്പെഷല്‍ ഡിസൈനുള്ള പുഷ്ഡോറുകള്ക്ക് 1.85 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് വിനിയോഗിക്കുക. 6.77 ലക്ഷത്തിന് ഇലക്ട്രിക്കല്‍ ജോലികൾ, 1.31 ലക്ഷത്തിന്റെ അഗ്നിശമന സംവിധാനങ്ങൾ, 13.72 ലക്ഷത്തിന്റെ എ.സി, 79 ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് ജോലികൾ എന്നിവയാണ് കോണ്‍ഫറന്‍സ് ഹാളിന്റെ നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നത്.
നിലവിൽ എല്ലാവിധ സൗകര്യങ്ങളുമുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫിസും കോണ്‍ഫറന്‍സ് ഹാളും സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കോടികള്‍ മുടക്കി നവീകരിക്കുന്നതെന്ന് വിമർശം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.