മുഖ്യമന്ത്രിയുടെ പരാമർശം എൻ.എസ്.എസിന് കൊണ്ടു
text_fieldsകോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഉടുപ്പ്, ചാതുർവർണ്യ പരാമർശങ്ങൾ എൻ.എസ്.എസിന് കൊണ്ടു; ക്ഷേത്രാചാരങ്ങളിൽ ‘ചാഞ്ചാടി’ വിവിധ ഹിന്ദുസമുദായങ്ങളും. ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ഊരുന്നതിനെച്ചൊല്ലി ഹിന്ദുസംഘടനകളിൽ ഭിന്നാഭിപ്രായം തുടരുകയാണ്. വരും ദിവസങ്ങളിൽ വിവിധ സംഘടനകൾ ഈ വിഷയം ചർച്ച ചെയ്യാൻ യോഗങ്ങൾ ചേരുന്നുണ്ട്.
ക്ഷേത്രാചാരങ്ങളിൽ മാറ്റം വരുത്താൻ ആരും ശ്രമിക്കേണ്ടെന്ന സംഘ്പരിവാർ നിലപാടിന് സമാന പ്രതികരണമാണ് ഈ വിഷയത്തിൽ എൻ.എസ്.എസിൽനിന്നുണ്ടായത്. ദേവസ്വം ബോർഡുകളെ ഉപയോഗിച്ച് ക്ഷേത്രങ്ങളിലെ ആചാരങ്ങളിൽ കടന്നുകയറാനും മാറ്റം വരുത്താനും ഇടതുസർക്കാർ ശ്രമിക്കുന്നെന്ന സംഘ്പരിവാർ ആക്ഷേപങ്ങൾക്ക് സമാന പ്രതികരണമാണ് മന്നം ജയന്തി ദിനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരിൽനിന്നുണ്ടായതും. എൻ.എസ്.എസിന്റെ അധീനതയിലുള്ള പല ക്ഷേത്രങ്ങളിലും ഇപ്പോഴും പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുമതിയുണ്ട്. എന്നാൽ, ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലാണ് വർഷങ്ങളായി ഇത്തരത്തിലുള്ള ആചാരം തുടരുന്നത്. ഈ ആചാരത്തിൽ മാറ്റം വരുത്താനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവരുന്നതെന്നാണ് ഹിന്ദുസംഘടനകളുടെ ആക്ഷേപം. അതിനെ പിന്തുണക്കുന്ന നിലയിലാണ് എൻ.എസ്.എസിന്റെ പ്രതികരണവും.
എന്നാൽ, ഷർട്ട് ഊരുന്നത് അന്ധവിശ്വാസമാണെന്ന നിലപാടാണ് എസ്.എൻ.ഡി.പി യോഗത്തിനുൾപ്പെടെയുള്ളത്. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിൽ നിന്നാണ് ഈ വിവാദത്തിന് തുടക്കമിട്ടതെന്നതും ശ്രദ്ധേയം. എസ്.എൻ.ഡി.പി യോഗത്തിനുകീഴിലെ ക്ഷേത്രങ്ങളിൽ ഇനിയും ഷർട്ട് ഊരുന്ന രീതിയുണ്ടെങ്കിൽ അത് അവസാനിപ്പിക്കുന്ന കാര്യം തീരുമാനിക്കാൻ നാളെ കൊല്ലത്ത് യോഗം ചേരുമെന്നാണ് വിവരം.
ഇടവേളക്ക് പിന്നാലെ ആചാരാനുഷ്ഠാന സ്വാതന്ത്ര്യം ഉയർത്തി എൻ.എസ്.എസ് വീണ്ടും രംഗത്തെത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാറിനെതിരെ നാമജപഘോഷയാത്ര ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ എൻ.എസ്.എസ് ആചാരാനുഷ്ഠാന സ്വാതന്ത്ര്യത്തിനായി ഇനിയും രംഗത്തിറങ്ങുമെന്ന് വ്യക്തമാക്കുന്നതാണ് സുകുമാരൻനായരുടെ വാക്കുകൾ. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് പോരാടിയതുപോലെ ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കാൻ നിലകൊള്ളുമെന്ന സൂചനയാണിത്. ശിവഗിരി മഠത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം നടത്തിയത്.
ഈ വിഷയങ്ങളിൽ ദേവസ്വം ബോർഡുകളുടെ നിലപാടുകളും നിർണായകമാണ്. അതിനെ അടിസ്ഥാനമാക്കിയാകും ഭാവിയിലെ നീക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.