മദ്യനയം മാറ്റുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ചീഫ് സെക്രട്ടറി; ‘നടന്നത് പതിവ് യോഗവും ചർച്ചകളും’
text_fieldsതിരുവനന്തപുരം: ഡ്രൈഡേ ഒഴിവാക്കുന്നതിനായി മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനു സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നടന്ന ചർച്ചകളെയാണ് ദുർവ്യാഖ്യാനം ചെയ്യുന്നത്.
മാർച്ച് ഒന്നിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന സെക്രട്ടറിമാരുടെ യോഗത്തിൽ എല്ലാ മാസവും ഒന്നാം തീയതി ഡ്രൈഡേ ആചരിക്കുമ്പോൾ വർഷത്തിൽ 12 ദിവസം സംസ്ഥാനത്തു മദ്യ വിൽപന ഇല്ല എന്ന വിഷയം ഉന്നയിക്കപ്പെട്ടു. ഇതുവഴി സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം വസ്തുനിഷ്ഠമായി വിലയിരുത്തണമെന്നും ആവശ്യമായ ചർച്ചകൾക്കു ശേഷം വിശദമായ കുറിപ്പ് സമർപ്പിക്കണമെന്നും ടൂറിസം സെക്രട്ടറിക്കു ചീഫ് സെക്രട്ടറി നിർദേശം നൽകി. ടൂറിസം വ്യവസായ വികസനത്തെ സംബന്ധിച്ച് ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചു പരിശോധിച്ച ശേഷം കുറിപ്പ് സമർപ്പിക്കണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
ഡ്രൈഡേ ഒഴിവാക്കണമെന്ന ആവശ്യം വ്യവസായം, ടൂറിസം മേഖലകളിലെ സ്റ്റേക് ഹോൾഡേഴ്സിന്റെ ഭാഗത്തുനിന്നു മുമ്പുതന്നെ ഉയർന്ന കാര്യമാണ്. എക്സൈസ് വകുപ്പിലും സമാന ആവശ്യമുയർന്നിട്ടുണ്ട്. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജനുവരി നാലിന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലും ഡ്രൈഡേ ഒഴിവാക്കുന്ന കാര്യം ഉയർന്നിരുന്നു. എന്നാൽ, അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.
സെക്രട്ടറിമാരുടെ പ്രതിമാസ യോഗത്തിൽ ചീഫ് സെക്രട്ടറി നിർദേശങ്ങൾ നൽകിയത് ഉദ്യോഗസ്ഥർ നിർവഹിക്കേണ്ട കടമയുടെ ഭാഗമാണ്. ഇതിനെയാണ് ദുരുപദിഷ്ടമായി വ്യാഖ്യാനിച്ച് മദ്യനയത്തിൽ മാറ്റം വരുത്താൻ പോകുന്നെന്ന രീതിയിൽ പ്രചരിപ്പിക്കുന്നതെന്ന് ചീഫ് സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.