കേരളീയത്തിന്റെ പേരിൽ ഹാജരായില്ല; ചീഫ് സെക്രട്ടറിക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fields10 മിനിറ്റ് ഓൺലൈനിൽ ഹാജരാകാൻ തടസ്സമെന്തെന്ന് കോടതി
കൊച്ചി: കോടതി നിർദേശമുണ്ടായിട്ടും കെ.എസ്.ആർ.ടി.സി പെൻഷൻ കേസിൽ ഉൾപ്പെടെ ചീഫ് സെക്രട്ടറിയടക്കം ഓൺലൈൻ മുഖേന ഹാജരാകാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് ഹൈകോടതി. എത്ര തിരക്കുണ്ടെങ്കിലും 10 മിനിറ്റ് ഓൺലൈനിൽ ഹാജരാകാൻ വിഷമമെന്തെന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ഇത് കോടതിയെ നാണംകെടുത്തുന്നതായെന്നും അഭിപ്രായപ്പെട്ടു. പെൻഷൻ കിട്ടാത്തതിനാൽ കെ.എസ്.ആർ.ടി.സി ജീവനക്കാരും ഫാക്ടറികളിൽനിന്നുള്ള മലിനീകരണം മൂലം ജീവിക്കാനാകുന്നില്ലെന്ന പരിസരവാസികളും നൽകിയ രണ്ട് ഹരജി പരിഗണിക്കവെയാണ് ചീഫ് സെക്രട്ടറി ഹാജരാകാതിരുന്നതിനെ വിമർശിച്ചത്. ഹരജികളിൽ വിശദീകരണത്തിന് ഓൺലൈൻ വഴി ഹാജരാകാൻ ചീഫ് സെക്രട്ടറിക്ക് നേരത്തേ നിർദേശം നൽകിയിരുന്നു.
‘കേരളീയം’ പരിപാടിയുടെ ജനറൽ കൺവീനറാണെന്നും ഹാജരാകാൻ സമയം അനുവദിക്കണമെന്നും ചീഫ് സെക്രട്ടറിക്കുവേണ്ടി സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടതാണ് വിമർശനത്തിന് ഇടയാക്കിയത്. അഞ്ചോ പത്തോ മിനിറ്റ് മാത്രം ഓൺലൈനിൽ വരാൻ ഇത്തരമൊരു കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി സമയം ചോദിക്കാൻ എങ്ങനെയാണ് കഴിയുന്നതെന്ന് കോടതി ചോദിച്ചു. പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച ഹരജിക്കാരുടെ പരാതിയിൽ നിലവിലെ അവസ്ഥ എന്താണെന്ന് പോലും സർക്കാർ പരിശോധിച്ചിട്ടില്ല. കുറച്ചു നേരത്തേക്ക് പോലും ചീഫ് സെക്രട്ടറിക്ക് ഹാജരാകാൻ കഴിയാതെവന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്ന്, ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഹരജി വീണ്ടും പരിഗണിക്കാൻ മാറ്റി. മുൻകൂട്ടി നിശ്ചയിച്ച എന്ത് പരിപാടിയുണ്ടെങ്കിലും ചീഫ് സെക്രട്ടറി ഓൺലൈൻ വഴി ഹാജരായിരിക്കണമെന്നും ഉത്തരവിട്ടു.
പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും ഹാജരാകാൻ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹരജിയിൽ ഉത്തരവിട്ടിരുന്നു. ഈ ഹരജിയിലും മറ്റ് ചുമതലകൾ ഉള്ളതിനാൽ ഓൺലൈനിൽ ഹാജരാകാൻ അസൗകര്യം അറിയിക്കുകയായിരുന്നു. മൂന്ന് മാസമായി പെൻഷൻ കിട്ടാത്തവരോട് ആർക്കും സഹതാപം തോന്നും. ഇത് കണ്ടിട്ട് മൗനമായി ഇരിക്കാനാവില്ല. എന്നാൽ, ചീഫ് സെക്രട്ടറിയടക്കമുള്ളവർക്ക് അതിനെക്കാൾ വലുത് മറ്റു ചില കാര്യങ്ങളാണ്. ഇതിൽ സഹതപിക്കാനേ കഴിയൂ. പെൻഷൻ ലഭിച്ചില്ലെങ്കിൽ ഹരജിക്കാർ അടക്കമുള്ളവർ എങ്ങനെ ആഹാരവും വെള്ളവും കഴിക്കുമെന്നും കോടതി ചോദിച്ചു.
ചീഫ് സെക്രട്ടറിക്കൊപ്പം ഗതാഗത സെക്രട്ടറിയും ബുധനാഴ്ച രണ്ടിന് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.