അവൾ തിരിച്ചറിഞ്ഞു, ആ കഷണ്ടി മാമനെ
text_fieldsകൊല്ലം: ഓയൂരിലെ വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ കാണിച്ച 11 ചിത്രങ്ങൾക്കിടയിൽനിന്ന് ആ മുഖം അവൾ വ്യക്തമായി തിരിച്ചറിഞ്ഞു, കഷണ്ടിയുള്ള മാമന്. തട്ടിക്കൊണ്ടുപോയ സംഘത്തിൽ കാർ ഓടിച്ചിരുന്ന ‘കഷണ്ടിയുള്ള മാമൻ’ എന്ന് ആറ് വയസ്സുകാരി വിശേഷിപ്പിച്ചയാൾ പിടിയിലായ പത്മകുമാറാണെന്ന് വെള്ളിയാഴ്ച വൈകീട്ടാണ് സ്ഥിരീകരിച്ചത്.
പത്മകുമാറിനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടി തിരിച്ചറിഞ്ഞില്ല. എന്നാൽ, പത്മകുമാറിന്റെ കളർ ചിത്രങ്ങള്‍ കാണിച്ചയുടന്‍ തന്നെ ഇതാണ് താന്‍ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന് പൊലീസുകാരോട് പറയുകയായിരുന്നു. ഇയാളെക്കുറിച്ച് നേരത്തെ കുട്ടി വീട്ടുകാരോടും പൊലീസിനോടും സംസാരിച്ചിരുന്നു. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം പുതിയ രേഖാചിത്രങ്ങൾ വരച്ചത്. രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും കണ്ടെത്തി. ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലാണ് ഈ വീടുള്ളത്.
ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ കെ.ആർ. പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് തമിഴ്നാട് തെങ്കാശി പുളിയറയിലെ ഹോട്ടലിൽനിന്നു മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
മൂവരെയും അടൂർ പൊലീസ് ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. നീലനിറത്തിലുള്ള കാർ തെങ്കാശിയിൽനിന്നും വെള്ളക്കാർ പ്രതിയുടെ വീട്ടുമുറ്റത്തുനിന്നാണ് കണ്ടെടുത്തത്. എ.ഡി.ജി.പി. എം.ആര്. അജിത്കുമാര്‍, ഡി.ഐ.ജി. ആര്. നിശാന്തിനി, ഐ.ജി. സ്പര്‍ജന്‍ കുമാര്‍ എന്നിവര്‍ അടൂരിലെ ക്യാമ്പിലെത്തി. സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടുന്നത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.
ഇവരുടെ വീടിന് മുന്നിൽ സ്വിഫ്റ്റ് ഡിസയർ കാർ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.