കിടപ്പുരോഗിയായ അമ്മയെ മക്കൾ ഉപേക്ഷിച്ചു; ഏറ്റെടുത്ത് പഞ്ചായത്തും പൊലീസും
text_fieldsകയ്പ്പമംഗലം (തൃശൂർ): മക്കൾ ഉപേക്ഷിച്ച കിടപ്പുരോഗിയായ വയോധികയുടെ സംരക്ഷണം ഏറ്റെടുത്ത് പഞ്ചായത്തും ജനമൈത്രി പൊലീസും. എടത്തിരുത്തി പഞ്ചായത്ത് മൂന്നാം വാർഡിൽ പള്ളത്ത് പരേതനായ പുഷ്പാംഗതെൻറ ഭാര്യ പുഷ്പാവതിക്കാണ് (72) മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് എടത്തിരുത്തി പഞ്ചായത്ത് അധികൃതരും കയ്പമംഗലം ജനമൈത്രി പൊലീസും ചേർന്ന് സംരക്ഷണം ഒരുക്കിയത്.
മൂന്ന് മക്കളുള്ള പുഷ്പാവതി വീട്ടിൽ തനിച്ചാണ് താമസിച്ചിരുന്നത്. മൂത്ത മകനും രണ്ടാമത്തെ മകളും വിദേശത്തും മറ്റൊരു മകൾ കുടുംബവുമൊത്ത് ഇരിങ്ങാലക്കുടയിലുമാണ് താമസം. കിടപ്പിലായിരുന്ന പുഷ്പാവതിയെ അസുഖം കൂടിയതിനെ തുടർന്ന് മൂന്നാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിലാണ് കരാഞ്ചിറ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
അഡ്മിറ്റ് ചെയ്യേണ്ടി വരുമെന്നും കൂടെ ആളില്ലാതെ ഇത് സാധ്യമല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞതോടെ മക്കളെ വിവരം അറിയിച്ചു. മക്കൾ പല കാരണങ്ങൾ പറഞ്ഞ് ഒഴിവായി. ഒരു ഹോം നഴ്സിനെയെങ്കിലും നിർത്താനാവശ്യപ്പെട്ടെങ്കിലും അതിനും സമ്മതിച്ചില്ല.
തുടർന്ന് കയ്പ്പമംഗലം പൊലീസ് മക്കളെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴെല്ലാം അവർ ഒഴിഞ്ഞുമാറി. അവസാനം അമ്മയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മക്കൾ തീർത്തുപറഞ്ഞു. ഇതോടെ ആര് ഉപേക്ഷിച്ചാലും ഈ അമ്മയെ സംരക്ഷിക്കുമെന്ന ഉറപ്പുമായി എടത്തിരുത്തി പഞ്ചായത്തും കയ്പ്പമംഗലം ജനമൈത്രി പൊലീസും മുന്നിട്ടിറങ്ങുകയായിരുന്നു. വാർഡ് മെമ്പർ എം.എസ്. നിഖിലും ആശാ വർക്കർ അംബികയും മാറി മാറി ആശുപത്രിയിൽ കൂട്ടിരിപ്പുകാരായി.
നാലു ദിവസത്തെ ചികിത്സക്ക് ശേഷം പുഷ്പാവതിക്ക് അസുഖം കുറഞ്ഞു. കോവിഡ് സമയമായതിനാൽ അഗതി മന്ദിരത്തിൽ പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും കയ്പ്പമംഗലം ജനമൈത്രി പൊലീസ് പുഷ്പാവതിയുടെ സ്ഥിതി ബോധ്യപ്പെടുത്തിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരം ഭാരവാഹികളായ ജലീലും ഭാര്യ നസീമയും സൗജന്യമായി താമസവും പരിചരണവും നൽകാമെന്ന് സമ്മതിച്ചു. തുടർന്ന് പുഷ്പാവതിയെ ദയയിലേക്ക് മാറ്റി.
പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജില്ല കലക്ടർ, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയവർക്ക് പരാതി നൽകിയിട്ടുണ്ട്. വയോധികയും കിടപ്പുരോഗിയുമായ അമ്മയെ സംരക്ഷിക്കുന്നില്ലെന്ന പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ മക്കൾക്കെതിരെ കേസ് എടുക്കുമെന്ന് കയ്പ്പമംഗലം പൊലീസ് അറിയിച്ചു.
എടത്തിരുത്തി പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ചന്ദ്രബാബു, വാർഡ് മെമ്പർ എം.എസ്. നിഖിൽ, കയ്പ്പമംഗലം എസ്.ഐ നവീൻ ഷാജ്, എ.എസ്.ഐ സി.കെ. ഷാജു, എസ്.സി.പി.ഒ മുഹമ്മദ് റാഫി, ജനമൈത്രി അംഗം ഷമീർ എളേടത്ത്, പൊതുപ്രവർത്തകൻ പ്രശോഭിതൻ മുനപ്പിൽ, വാർഡ്തല ജാഗ്രതാ സമിതി തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് പുഷ്പാവതിക്ക് സംരക്ഷണം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.