എൽദോസ് കുന്നപ്പിള്ളിക്കെതിരായ പരാതി ഒത്തുതീർക്കാൻ ശ്രമിച്ച സി.ഐയെ സ്ഥലംമാറ്റി
text_fieldsതിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന സി.ഐ.യെ സ്ഥലംമാറ്റി. കോവളം എസ്.എച്ച്.ഒയായിരുന്ന ജി. പ്രൈജുവിനെ ആലപ്പുഴ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. നെയ്യാർഡാം എസ്.എച്ച്.ഒയായിരുന്ന എസ്. ബിജോയിയെയാണ് പകരം നിയമിച്ചത്. പട്ടണക്കാട് എസ്.എച്ച്.ഒ ആർ.എസ്. ബിജുവിനെ തൃക്കുന്നപ്പുഴയിലേക്കും തൃക്കുന്നപ്പുഴ എസ്.എച്ച്.ഒ എം.എം. മഞ്ജുദാസിനെ നെയ്യാർഡാമിലേക്കും മാറ്റി നിയമിച്ചു.
എൽദോസ് കുന്നപ്പിള്ളി ശാരീരികമായി പീഡിപ്പിച്ചെന്നാരോപിച്ച് നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ കോവളം എസ്.എച്ച്.ഒ ശ്രമിച്ചെന്ന ആക്ഷേപം പരാതിക്കാരി ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം മജിസ്ട്രേട്ട് മ മുമ്പാകെ നൽകിയ രഹസ്യമൊഴിയിലും അവർ അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുന്നതുൾപ്പെടെ കാര്യങ്ങൾ സി.ഐ വൈകിപ്പിച്ചെന്നും സി.ഐയുടെ സാന്നിധ്യത്തിൽ മധ്യസ്ഥ ചർച്ചകൾ നടന്നെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
അതിന് പുറമെ ഇരയായ തന്‍റെ പേരും സ്ഥലവും കോവളം സി.ഐ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയെന്നും യുവതി ആരോപിച്ചിരുന്നു. അതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് വൈകുന്നേരത്തോടെ എസ്.എച്ച്.ഒ പ്രൈജുവിനെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഡി.ജി.പി അനിൽ കാന്ത് പുറപ്പെടുവിച്ചത്. കോവളം പൊലീസിനെതിരെ പരാതിക്കാരി നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചതിനാൽ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനും കൈമാറിയിരുന്നു.
സ്ത്രീകൾ നൽകുന്ന പീഡന പരാതികളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ സിറ്റി പൊലീസ് കമീഷണർക്ക് യുവതി നൽകിയ പരാതി കോവളം പൊലീസിന് കൈമാറി ദിവസങ്ങളായിട്ടും സി.ഐ കൃത്യമായി നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. അതിന്‍റെ അടിസ്ഥാനത്തിലാണ് എസ്.എച്ച്.ഒയെ സ്ഥലംമാറ്റിയതെന്നാണ് വിവരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.