വിഴിഞ്ഞം സമരം നിർത്തിയത് അനിഷ്ടസംഭവങ്ങൾ മൂലമെന്ന് സർക്കുലർ; ഇന്ന് പള്ളികളിൽ വായിക്കും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം താൽക്കാലികമായി നിർത്താനുള്ള സാഹചര്യങ്ങളും കാരണങ്ങളും വിശദീകരിച്ച് ലത്തീൻ അതിരൂപതക്ക് കീഴിലുള്ള പള്ളികളിൽ ഞായറാഴ്ച സർക്കുലർ വായിക്കും. നവംബർ 26, 27 തീയതികളിൽ മുല്ലൂർ -വിഴിഞ്ഞം പ്രദേശങ്ങളിൽ നടന്ന അനിഷ്ടസംഭവങ്ങളാണ് സമരം നിർത്താനുള്ള പ്രധാന കാരണമെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ പള്ളികൾക്കയച്ച സർക്കുലറിൽ പറയുന്നു.
തദ്ദേശീയരും പൊലീസും ഉൾപ്പെടെ നൂറുകണക്കിനാളുകൾക്ക് മുറിവേൽക്കുകയും പ്രദേശത്തെ സമാധാനാന്തരീക്ഷം തകരുകയും നിരപരാധികളായ നിരവധി പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി. സമരത്തിന്റെ പേരിൽ സംഘർഷമോ സംഘർഷസാഹചര്യമോ ആഗ്രഹിക്കുന്നില്ല. നിലവിലെ സാഹചര്യത്തിൽ തുറമുഖകവാടത്തിൽ സമരം തുടരുന്നത് കൂടുതൽ അനിഷ്ടസംഭവങ്ങൾക്ക് കാരണമാകും. ഭീതിജനകമായ സാഹചര്യം മാറ്റി സമാധാനാന്തരീക്ഷം രൂപപ്പെടുത്താനാണ് മുൻതൂക്കം കൊടുക്കേണ്ടതെന്ന ചിന്തയിൽനിന്നാണ് തൽക്കാലത്തേക്ക് സമരം നിർത്താനുള്ള തീരുമാനത്തിലേക്കെത്തിയത്.
കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ, കേരള കത്തോലിക്ക മെത്രാൻ സമിതി, തിരുവനന്തപുരം ലത്തീൻ അതിരൂപത ലൈസണിങ് കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ സർക്കാറും സമരസമിതിയും തമ്മിലുള്ള ചർച്ചക്ക് കളമൊരുക്കാൻ ശ്രമം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കർദിനാൾ ക്ലീമിസ് ബാവയുടെ ഇടപെടലുകളിൽ മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് സാഹചര്യമൊരുക്കിയത്.
ആവേശപൂർവം തുടർന്ന അതിജീവന സമരം നിർത്തിവെച്ചതിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. സമരം കൊണ്ട് എന്തുനേടി എന്ന് ചിന്തിക്കുമ്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമാണെന്ന് തിരിച്ചറിയുന്നു. ഇതിനെ അതിജീവിക്കാനുള്ള സമ്മർദത്തിന് ഭാവിയിലും നമ്മൾ സന്നദ്ധരാകണം.
സർക്കാറിന്റെ ഉറപ്പുകൾ യഥാസമയം നടപ്പാക്കാൻ ഇടപെടൽ തുടർന്നും ഉണ്ടാകും. ക്യാമ്പുകളിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വാടക വീട് കണ്ടെത്താൻ സഹായം ആവശ്യമാണ്. സർക്കാർ നൽകുന്ന 5500 രൂപ വാടക തുക അപര്യാപ്തമാണെന്ന് മനസ്സിലാക്കി ആവശ്യമായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും എല്ലാവരും സഹകരിക്കണം. സമരമുഖത്ത് പങ്കുചേർന്ന ഇതര സഭാവിഭാഗങ്ങളും സമുദായങ്ങളും മതവിഭാഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും നൽകിയ പിൻബലം വലുതാണ്. അവരെ നന്ദിപൂർവം സ്മരിക്കുന്നുവെന്നും സർക്കുലറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.