വിവാദം: പിരിവെടുത്ത് സ്കൂൾ ഉച്ച ഭക്ഷണം നൽകാനുള്ള സർകുലർ റദ്ദാക്കി
text_fieldsതിരുവനന്തപുരം: വിവാദമായ സാഹചര്യത്തിൽ പിരിവെടുത്ത് സ്കൂൾ ഉച്ച ഭക്ഷണം നൽകാനുള്ള സർകുലർ റദ്ദാക്കി. സ്കൂൾ ഉച്ചഭക്ഷണ സമിതി രൂപീകരണവും അതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങളും സംബന്ധിച്ച സർക്കുലർ റദ്ദ് ചെയ്തുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയരക്ടർ ഷാനവാസ് ഐ.എ.എസാണ് പുതിയ ഉത്തരവിറക്കിയത്.
പിരിവിനും പദ്ധതിക്കാവശ്യമായ വിഭവങ്ങൾ കണ്ടെത്തുന്നതിനുമായി മുഴുവൻ സ്കൂൾതലങ്ങളിലും നവംബർ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാനായിരുന്നു നേരത്തെയുള്ള നിർദേശം. കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതം സമയബന്ധിതമായി ലഭിക്കാതെ പ്രതിസന്ധിയിലായ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് പണം കണ്ടെത്താനാണ് പൊതുജനങ്ങളിൽനിന്ന് പിരിവ് നടത്തുന്നതിലേക്ക് നീങ്ങിയത്.
കേന്ദ്രവിഹിതം ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതിനാൽ പദ്ധതി തടസ്സം കൂടാതെ, മുന്നോട്ടുകൊണ്ടുപോകാനാണ് സമിതി രൂപവത്കരിക്കുന്നതെന്നാണ് മുൻ സർക്കുലറിൽ പറഞ്ഞത്. എന്നാൽ, പദ്ധതിയിൽനിന്ന് പിന്മാറാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമാണ് സർക്കുലറെന്നായിരുന്നു ഉയർന്ന ആക്ഷേപം.
വാർഡ് മെംബർ/ കൗൺസിലർ രക്ഷാധികാരിയായി രൂപവത്കരിക്കുന്ന ഉച്ചഭക്ഷണ സംരക്ഷണ സമിതിയുടെ കൺവീനർ പ്രഥമാധ്യാപകനായാണ് തീരുമാനിച്ചിരുന്നത്. പി.ടി.എ പ്രസിഡന്റ്, സീനിയർ അധ്യാപകൻ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ, മദർ പി.ടി.എ പ്രസിഡന്റ്, സ്കൂൾ മാനേജർ/ മാനേജറുടെ പ്രതിനിധി, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി എന്നിവർ അംഗങ്ങളുമാകാനായിരുന്നു തീരുമാനം. ഈ നീക്കത്തിനെതിരെ അധ്യാപകരുടെ ഭാഗത്തുനിന്നുതന്നെ വൻ വിമർശനമാണുയർന്നത്. പ്രതിപക്ഷ അധ്യാപക സംഘടനകൾ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചതെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.