തൊഴില്‍ തട്ടിപ്പ്: ടൈറ്റാനിയത്തിലെ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസിൽ ടൈറ്റാനിയത്തിലെ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പൊലീസ്. നിർണായക രേഖകൾ പലതും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതടക്കം പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോവുന്നത്. ലഭിക്കുന്ന പരാതികളുടെ എണ്ണം നോക്കിയശേഷമാവും പ്രത്യേക അന്വേഷണ സംഘം വേണോയെന്ന് തീരുമാനിക്കുകയെന്ന് സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ ഇതുവരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തു. 70 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി ലഭിച്ചത്. ജോലി തട്ടിപ്പ് കേസിൽ അഞ്ചാം പ്രതിയായ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പിയുടെ കഴിഞ്ഞദിവസം പിടിച്ചെടുത്ത ലാപ്ടോപ് വിശദമായി പരിശോധിച്ച് വരുകയാണ്. ജോലി തട്ടിപ്പിന്റെ വിവരങ്ങൾ ലാപ്ടോപ്പിൽ ഉണ്ടെന്നാണ് നിഗമനം. ശശികുമാരൻ തമ്പി ഉൾപ്പെടെ കേസിലെ മറ്റ് നാല് പ്രതികൾ ഒളിവിലാണ്. വിവാദത്തിൽ വ്യവസായ വകുപ്പ് ഇടപെട്ടു.
പ്രിൻസിപ്പൽ സെക്രട്ടറിയും ടൈറ്റാനിയം ചെയർമാനുമായ മുഹമ്മദ് ഹനീഷ് മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. 2019 മുതൽ ദിവ്യയും ഭർത്താവും ഈ കേസിലെ പ്രതിയുമായ രാജേഷും സമാനതട്ടിപ്പ് നടത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
കമീഷൻ മാത്രമേ ലഭിച്ചുള്ളൂയെന്ന് ദിവ്യ
തിരുവനന്തപുരം: ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ ജോലി വാഗ്ദാനം നൽകി തട്ടിയെടുത്ത പണം ഭർതൃസഹോദരൻ പ്രേംകുമാറിനും ശ്യാംലാലിനും വീതിച്ച് നൽകിയെന്ന് കേസിലെ ഒന്നാംപ്രതി ദിവ്യ നായർ. തട്ടിപ്പിന്റെ ഭാഗമായി തനിക്ക് കമീഷൻ തുകയാണ് ലഭിച്ചതെന്നും ഇവർ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ലഭിച്ച ദിവ്യയെ വെഞ്ഞാറമൂട് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.
ഒളിവിൽ കഴിയുന്ന പ്രതികളായ ശ്യാംലാലിന്റെ കുടപ്പനക്കുന്നിലെയും ശശികുമാരൻ തമ്പിയുടെ അമ്പലംമുക്ക് നർമദ ശ്രീവിലാസം റോഡിലെ വീടുകളിലെത്തിച്ച് ദിവ്യയെ തെളിവെടുപ്പ് നടത്തി. രണ്ടിടത്തും ഉദ്യോഗാർഥികളിൽനിന്നും പണം വാങ്ങാൻ എത്തിയിട്ടുണ്ടെന്ന് ദിവ്യ മൊഴി നൽകിയിട്ടുണ്ട്. തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
അന്വേഷണത്തിന് പ്രത്യേക സംഘം
തിരുവനന്തപുരം: ടൈറ്റാനിയം പ്രോഡക്ട്സ് ജോലി തട്ടിപ്പ് കേസന്വേഷണത്തിന് ഒമ്പതംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. എ.സി.പി ജെ.കെ. ദിനിലാണ് സംഘത്തലവൻ. സംഭവവുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്ത സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ സംഘത്തിൽ അംഗങ്ങളായിരിക്കും. ഇതുസംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർ ജി. സ്പർജൻകുമാർ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ എട്ട് കേസുകളാണ് സിറ്റി പൊലീസ് പരിധിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.