കണ്ണൂർ മാതമംഗലത്തെ ഹാർഡ് വെയർ കട പൂട്ടിയത് സമരം കാരണമല്ലെന്ന് മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: കണ്ണൂർ മാതമംഗലത്തെ ഹാർഡ് വെയർ കട പൂട്ടിയത് തൊഴിലാളി സമരം കാരണമല്ലെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. പഞ്ചായത്ത് ലൈസൻസ് ഇല്ലാത്തതാണ് കട പൂട്ടാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി.
ഒരു സ്ഥാപനത്തിന് ലൈസൻസ് എടുക്കുകയും മൂന്നു സ്ഥാപനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. വിഷയത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ലൈസൻസ് ഇല്ലാത്ത സ്ഥാപനം അടച്ചുപൂട്ടാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ വിഷയത്തിൽ കഴിഞ്ഞ ആറു മാസമായി സി.ഐ.ടി.യു സമരം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ വകുപ്പുതലത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും. കൂടുതൽ വിശദാംശങ്ങൾ ലേബർ കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്നും തൊഴിൽ മന്ത്രി അറിയിച്ചു.
സി.ഐ.ടി.യു തൊഴിലാളികൾ സമരം നടത്തുന്ന കണ്ണൂർ മാതമംഗത്തെ എസ്.ആർ അസോസിയേറ്റ് എന്ന ഹാർഡ് വെയർ കട അടച്ചു പൂട്ടിയതായി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. സാധനം വാങ്ങാൻ എത്തുന്നവരെ സമരക്കാർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും സംരംഭം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് ഉടമ പറയുന്നത്.
അതേസമയം, ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തൊഴിൽ നിഷേധത്തിനെതിരെയാണ് സമരമെന്നുമാണ് സി.ഐ.ടി.യുവിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.