സൈനികന്‍ പ്രദീപിന്‍റെ വീട്ടില്‍ സാന്ത്വനമായി മുഖ്യമന്ത്രിയെത്തി
text_fieldsതൃശൂർ: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായ ജൂനിയര്‍ വാറണ്ട് ഓഫിസര്‍ എ. പ്രദീപിന്‍റെ കുടുംബത്തിന് സാന്ത്വനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്‍റെ പുത്തൂര്‍ പൊന്നൂക്കരയിലെ വീട്ടിലെത്തി. വ്യാഴാഴ്ച രാത്രി 7.40ഓടെ അറക്കല്‍ വീട്ടിലെത്തിയ മുഖ്യമന്ത്രി, പ്രദീപിന്‍റെ രോഗിയായ അച്ഛന്‍ രാധാകൃഷ്ണന്‍, അമ്മ കുമാരി, ഭാര്യ ശ്രീലക്ഷ്മി, മക്കളായ ദക്ഷിണ്‍ദേവ്, ദേവപ്രയാഗ, സഹോദരന്‍ എ. പ്രസാദ് എന്നിവരെ ആശ്വസിപ്പിച്ചു.
രോഗശയ്യയില്‍ കിടന്ന് മുഖ്യമന്ത്രിയുടെ ഇരുകരങ്ങളും ഗ്രഹിച്ച പ്രദീപിന്‍റെ പിതാവ് ഏറെനേരം മുഖ്യമന്ത്രിയെ തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തിയത് വികാര നിര്‍ഭരമായ കാഴ്ചയായി. പ്രദീപിന്‍റെ മക്കളെ തലോടി ആശ്വസിപ്പിച്ച മുഖ്യമന്ത്രി അവരോട് പഠനകാര്യങ്ങളും മറ്റും ചോദിച്ചറിഞ്ഞു.
മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ കെ. രാജന്‍, കെ. രാധാകൃഷ്ണന്‍, കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് മാസ്റ്റര്‍, ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍, തൃശൂര്‍ റേഞ്ച് ഐ.ജി എ. അക്ബര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ആദിത്യ, പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഉണ്ണികൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം കെ.വി. സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്. ബാബു തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രദീപിന്‍റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പില്‍ ജോലിയും കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപയും അച്ഛന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപയും നല്‍കാന്‍ നേരത്തേ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ റവന്യൂ മന്ത്രി കെ. രാജന്‍ ഡിസംബര്‍ 17ന് പ്രദീപിന്‍റെ വീട്ടിലെത്തി ഭാര്യക്ക് കൈമാറുകയും ചെയ്തിരുന്നു.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്റ്റര്‍ തമിഴ്നാട്ടിലെ കൂനൂരില്‍ ഡിസംബര്‍ എട്ടിന് തകര്‍ന്നുവീണാണ് അതിലുണ്ടായിരുന്ന ജൂനിയര്‍ വാറഡ് ഓഫിസര്‍ എ. പ്രദീപ് അടക്കം 14 പേര്‍ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.