മുഖ്യമന്ത്രി അറിയണം, ഇതും ജീവിതമാണ്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധിമൂലം കാലാവധി നീട്ടിനൽകിയ 493 റാങ്ക് ലിസ്റ്റുകൾ ആഗസ്റ്റ് നാലിന് റദ്ദാക്കുമ്പോൾ, ഭൂരിഭാഗം ലിസ്റ്റുകളിലും നിയമനം നടന്നത് പേരിന് മാത്രം. റദ്ദാക്കുന്ന റാങ്ക് ലിസ്റ്റുകൾക്ക് ഇനി കാലാവധി നീട്ടില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുമ്പോൾ, ഏകദേശം പത്തുലക്ഷത്തോളം ഉദ്യോഗാർഥികളുടെ സ്വപ്നമാണ് ചിറകറ്റ് വീഴുന്നത്. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുണ്ടെങ്കിലും നിലവിലെ ലിസ്റ്റുകളിൽ നാലിലൊന്നു പേർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. അതിനാൽ പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെയെങ്കിലും നിലവിലുള്ളതിന് പ്രാബല്യം അനുവദിക്കണമെന്നാണ് ഉദ്യോഗാർഥികളുെട ആവശ്യം.
വിവിധ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സർവൻറ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ അസി. സെയിൽസ്മാൻ, ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ്-രണ്ട് റാങ്ക് ലിസ്റ്റുകളിൽ മാത്രം 87,555 പേരാണ് നിയമനം കാത്തുനിൽക്കുന്നത്. ലാസ്റ്റ് ഗ്രേഡ് സർവൻറ് റാങ്ക് ലിസ്റ്റുകളിൽ ഇതുവരെ നടന്നത് 14 ശതമാനം നിയമനശിപാർശ മാത്രമാണ്. 14 ജില്ലകളിലായി 46,285 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതിൽ 6749 പേർക്ക് മാത്രമാണ് നിയമനശിപാർശ നൽകിയത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 11,455 പേർക്ക് നിയമന ശിപാർശ ലഭിച്ച സ്ഥാനത്താണിത്. എൽ.ഡി ക്ലർക്ക് റാങ്ക് ലിസ്റ്റിൽ 27 ശതമാനം നിയമനങ്ങൾ മാത്രമാണ് നടന്നത്. ഉൾപ്പെട്ട 36,783 പേരിൽ 9933 പേർക്ക് മാത്രമാണ് ഇതുവരെ നിയമനശിപാർശ ലഭിച്ചത്. മുൻ ലിസ്റ്റിൽ നിന്ന് 11, 413 പേർക്ക് നിയമനം ലഭിച്ചിരുന്നു. അസി. സെയിൽസ്മാൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 83 ശതമാനം പേർക്കും നിയമനമായിട്ടില്ല. 14 ജില്ലകളിലായി 16,134 പേരാണ് റാങ്ക് ലിസ്റ്റിൽ ഉള്ളത്. ഇതിൽ 2702 പേർക്ക് മാത്രമേ നിയമനശിപാർശ ലഭിച്ചിട്ടുള്ളൂ. ആയിരത്തിലധികം എൻ.ജെ.ഡി ഒഴിവുകൾ ഉൾപ്പെടെയാണ്. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 4203 പേർക്ക് നിയമനശിപാർശ ലഭിച്ചിരുന്നു.
കോവിഡ് കാലത്തും ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റിലെ നിയമനവും ഇഴയുകയാണ്. മെയിൻ, സപ്ലിമെൻററി ലിസ്റ്റുകളിലായി 10814 പേരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2407 പേർക്ക് മാത്രമാണ് നിയമനശിപാർശ ലഭിച്ചത്. മുൻ ലിസ്റ്റിൽനിന്ന് 2800 പേർക്ക് നിയമനം ലഭിച്ചിരുന്നു. പൊലീസിൽ വനിതാപ്രാതിനിധ്യം 15 ശതമാനം ആക്കുമെന്ന ഒന്നാം പിണറായി സർക്കാറിെൻറ വാഗ്ദാനം ജലരേഖയായതോടെ ആയിരക്കണക്കിന് വനിതകളാണ് പ്രതീക്ഷയുടെ പടിക്ക് പുറത്ത് നിൽക്കുന്നത്. ഇതുവരെ 671 പേര്‍ക്കാണ് നിയമന ശിപാര്‍ശ ലഭിച്ചത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 924 പേർക്കാണ് ശിപാർശ ലഭിച്ചത്. പട്ടികയില്‍ ബാക്കിയുള്ള 1400 ഓളം പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. സേനയിലെ വനിതാപ്രാതിനിധ്യം ഉയര്‍ത്താനായി തസ്തികകള്‍ സൃഷ്ടിച്ചാലേ ഈ റാങ്ക്പട്ടികയിലുള്ളവര്‍ക്ക് പ്രയോജനമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.