രാജ്യസഭ തെരഞ്ഞെടുപ്പ് നിയമം അനുവദിക്കുന്ന സമയപരിധിക്കകം നടത്തുമെന്ന് കമീഷൻ
text_fieldsകൊച്ചി: സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് നിയമം അനുവദിക്കുന്ന സമയപരിധിക്കകം തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. തീയതി ഉടൻ തീരുമാനിക്കുമെന്നും ഇത് സംബന്ധിച്ച വിശദീകരണ പത്രിക സമർപ്പിക്കാമെന്നും കമീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം ഹൈകോടതിയോ സുപ്രീംകോടതിയോ പോലും ഇടപെടാറില്ലെന്നിരിക്കേ നിയമ മന്ത്രാലയം സംശയമുന്നയിച്ചെന്ന പേരിൽ തെരഞ്ഞെടുപ്പ് നടപടികൾ തടഞ്ഞത് ഭരണഘടനാവിരുദ്ധമാണെന്ന് കാട്ടി കേരള നിയമസഭ സെക്രട്ടറിയും എസ്. ശർമ എം.എൽ.എയും നൽകിയ ഹരജിയിലാണ് കമീഷെൻറ വിശദീകരണം. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് പി.വി. ആശ മാറ്റി.
വയലാർ രവി, കെ.കെ. രാഗേഷ്, പി.വി. അബ്ദുൽ വഹാബ് എന്നീ അംഗങ്ങളുടെ കാലാവധി ഏപ്രിൽ 21ന് കഴിയാനിരിക്കെ 12ന് തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ചിരുന്നു. നിയമസഭയുടെ കാലാവധി മേയ് വരെയുള്ളതിനാൽ ഇപ്പോഴുള്ള എം.എൽ.എമാരുടെ വോട്ട് അടിസ്ഥാനമാക്കി രാജ്യസഭ തെരഞ്ഞെടുപ്പ് നടത്താൻ നിയമപ്രകാരം തടസ്സമില്ലെങ്കിലും തെരഞ്ഞെടുപ്പ് മരവിപ്പിച്ച് കമീഷൻ മാർച്ച് 24 ന് ഉത്തരവ് നൽകിയെന്നാണ് ഹരജിക്കാരുടെ ആരോപണം.
രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയും മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നും ഏപ്രിൽ 21ന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താൻ കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും നിയമസഭ സെക്രട്ടറിക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു.
രാഷ്ട്രീയ പാർട്ടികൾക്കോ സർക്കാറുകൾക്കോ കമീഷെൻറ നടപടികളിൽ ഇടപെടാനാവില്ല. രാജ്യസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സമയക്രമം വ്യക്തമാക്കുന്ന വാർത്തക്കുറിപ്പാണ് ഇറക്കിയതെന്നും കമീഷെൻറ അഭിഭാഷകൻ വിശദീകരിച്ചു. നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാവധി കഴിയുന്നതിനു മുമ്പ് തെരഞ്ഞെടുപ്പ് നടത്തുമെന്നും കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.