"കെ റെയിൽ വരില്ല കേട്ടോ, കേരളത്തിൽ തൃക്കാക്കര ആവർത്തിക്കും" എന്ന തലക്കെട്ടോടെ പ്രചരണം ശക്തമാക്കുമെന്ന് സമിതി
text_fieldsകൊച്ചി: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ ഫലം ആവർത്തിക്കും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് "കെ റെയിൽ വരില്ല കേട്ടോ, കേരളത്തിൽ തൃക്കാക്കര ആവർത്തിക്കും" എന്ന തലക്കെട്ടോടെ ശക്തമായ പ്രചാരണം നടത്തുമെന്ന് സിൽവർ ലൈൻ വിരുദ്ധ സമിതി. സിൽവർ ലൈൻ പദ്ധതി പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോയാൽ അടുത്ത നിയമസഭാ സമ്മേളനത്തിന് ബഹുജനങ്ങൾ നിയമസഭ വളയാനും എറണാകുളം അധ്യാപക ഭവനിൽ ചേർന്ന സമിതിയുടെ യോഗത്തിൽ തീരുമാനിച്ചു.
കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരം വിജയിക്കേണ്ടത് ജനാധിപത്യം നിലനിർത്താൻ അനിവാര്യമാണെന്ന് സമിതി രക്ഷാധികാരി ഡോ.എം.പി മത്തായി പറഞ്ഞു. പദ്ധതി സൃഷ്ടിക്കുന്ന സാമൂഹിക-പാരിസ്ഥിതിക-സാമ്പത്തിക പ്രശ്നങ്ങൾക്കുപരി, സംസ്ഥാനത്തെ ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്യുന്നതായിരിക്കും അത്. ജനകീയ പ്രതിരോധത്തിന് മുന്നിലാണ് സർക്കാരിന് താൽക്കാലികമായി പിന്തിരിയേണ്ടിവന്നത്.
ജനാധിപത്യപരമായ സമീപനങ്ങളില്ലാത്ത സർക്കാർ അത് അംഗീകരിക്കുന്നില്ല. ജനകീയ പ്രതിരോധത്തെ അവഗണിച്ച് പദ്ധതി നടപ്പാക്കാമെന്ന സർക്കാർ വ്യാമോഹം നടക്കില്ല. കേസുകൾ പിൻവലിച്ചില്ലെങ്കിൽ തൃക്കാക്കര തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന് സർക്കാർ മനസിലാക്കണം. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സംസ്ഥാന ചെയർമാൻ എം. പി ബാബുരാജ് അധ്യക്ഷത വഹിച്ചു. 2020 നവംബർ എട്ടിന് സമിതി രൂപീകരിച്ചത് മുതലുള്ള പ്രവർത്തന റിപ്പോർട്ട് ജനറൽ കൺവീനർ എസ്. രാജീവൻ അവതരിപ്പിച്ചു. സ്വകാര്യഭൂമിയിൽ കടന്നുകയറി നടത്തിയ സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസമാണ് കെ റെയിൽ എന്ന് സർക്കാർ തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി പറഞ്ഞു. അതിനാൽ എല്ലാ കള്ളക്കേസുകളും പിൻവലിയ്ക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയും സമരക്കാർക്കെതിരെയായ കേസുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ ഒരു കോടി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. എം.ടി തോമസ്, ടി.ടി ഇസ്മായിൽ, ചാക്കോച്ചൻ മണലേൽ, ശരണ്യാരാജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.