15 ലക്ഷം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്‍റെ ചിത്രം ഓഫിസുകളിൽ െവച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ -വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: 15 ലക്ഷത്തോളം പേരെ കൂട്ടക്കുരുതി നടത്തിയ സ്റ്റാലിന്‍റെ ചിത്രം ഇന്നും തങ്ങളുടെ ഓഫിസുകളിൽ െവച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും കുറിച്ച് ബോധവാന്മാരായ ഇന്നത്തെ സമൂഹത്തെ അദ്‌ഭുതപ്പെടുത്തുന്നതാണ് പഴയ സോവിയറ്റ് യൂനിയനിലെ യുക്രയിനിൽ കമ്യൂണിസ്റ്റ് ഏകാധിപതി സ്റ്റാലിന്‍റെ ഭരണകാലത്ത് വധിക്കപ്പെട്ടവരുടെ ആയിരക്കണക്കിന് അസ്ഥികൂടങ്ങൾ കണ്ടെടുത്ത വാർത്ത.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം ഏകാധിപത്യത്തിന്‍റെയും നരഹത്യകളുടെയും കഥകൾ തന്നെയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊന്നൊടുക്കിയത് കമ്പോഡിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി പോൾ പോട്ട് ആയിരുന്നു. നരഹത്യയിൽ രണ്ടാം സ്ഥാനം ചരിത്രത്തിൽ ജോസഫ് സ്റ്റാലിനാണ്, അഡോൾഫ് ഹിറ്റ്ലർ പോലും മൂന്നാമതാണ്.
കഴിഞ്ഞ ദിവസം യുക്രെയിനിൽ കണ്ടെടുത്ത അസ്ഥികൂടങ്ങൾ ജനാധിപത്യ വിരുദ്ധവും ഏകാധിപത്യത്തിലും അധിഷ്ഠിതമായ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ചരിത്രത്തിന്‍റെ ഭീകരമുഖത്തിന്‍റെ ശേഷിപ്പുകളാണ്. എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്ന സ്റ്റാലിനിസ്റ്റ് ശൈലി അതിൽ ആഴത്തിൽ കൊത്തിെവച്ചിട്ടുണ്ട്.
കേരളത്തിലെ ഓഫിസുകളിലുള്ള സ്റ്റാലിന്‍റെ ചിത്രത്തിന് മുന്നിൽനിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുമ്പോൾ തങ്ങളുടെ പിൽക്കാലം ഏകാധിപത്യത്തിന്‍റെയും നരഹത്യകളുടേതും ആണെന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വസിക്കുന്ന പുതുതലമുറയെങ്കിലും അറിയണം. തങ്ങൾ ജനാധിപത്യവാദികളാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും പ്രവർത്തനങ്ങളിൽ ഏകാധിപത്യ സ്വഭാവം നിഴലിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്‍റെ ശേഷിപ്പുകളാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനാധിപത്യത്തിന്‍റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുവെങ്കിൽ, സ്റ്റാലിനെ പോലെയുള്ള ഏകാധിപതിയുടെ ചിത്രങ്ങൾ ഓഫിസിൽനിന്ന് നീക്കം ചെയ്യാനെങ്കിലും അവർ തയാറാവണം. അടുത്ത ഒരു തലമുറയിൽപെട്ട അനുഭാവികളെയെങ്കിലും ജനാധിപത്യത്തിന്‍റെ വഴിയേ, ഇരട്ടത്താപ്പുകൾ ഇല്ലാതെ സഞ്ചരിക്കാൻ അത് പ്രേരിപ്പിക്കട്ടെയെന്നും വി.ഡി. സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.