കെ.എം.എം.എല്‍ പ്രതിസന്ധിയില്‍ എന്ന പ്രചാരണം തെറ്റാണെന്ന് കമ്പനി മാനേജ്മന്റ്
text_fieldsതിരുവനന്തപുരം: വ്യവസായ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ പ്രതിസന്ധിയിലാണ് എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് കമ്പനി മാനേജ്മന്റ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 89 കോടി രൂപയാണ് കെ.എം.എം.എല്ലിന്റെ ലാഭം. ഈ സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 25 കോടി ലാഭവുമായി കമ്പനി മുന്നേറുന്ന അവസരത്തിലാണ് കെ.എം.എം.എല്‍ പ്രതിസന്ധിയിലാണ് എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്തുന്നത് എന്നും കമ്പനി മാനേജ്മന്റ് അറിയിച്ചു.
കമ്പനിയിലെ ഉല്‍പാദന പ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അയണ്‍ ഓക്‌സൈഡ് സംസ്‌കരിക്കാന്‍ സാങ്കേതിക വിദ്യ നലിവില്‍ ലഭ്യമല്ലാത്തതിനാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിർദേശപ്രകാരം പ്രത്യേക പോണ്ടുകളിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ പോണ്ടുകള്‍ നിറഞ്ഞ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം അത് കെ.ഇ.ഐ.എല്‍ ന്റെ പൊതുസംസ്‌കരണ ഇടത്തിലേക്ക് മാറ്റാനാണ് തീരുമാനമെടുത്തിട്ടുള്ളത്. പ്രോജക്ടുകള്‍ നടപ്പാകുന്നത് വരെ അയണ്‍ ഓക്‌സൈഡ് കെ.ഇ.ഐ.എല്‍ വഴി സംസ്‌കരിക്കാന്‍ മാത്രമേ കമ്പനിക്ക് അനുവാദമുള്ളൂ. എന്നാല്‍ ഇത് കമ്പനിയെ പ്രതിസന്ധിയിലാക്കുകയില്ലെന്നും മാനേജ്മന്റ് വ്യക്തമാക്കി.
അയണ്‍ ഓക്‌സൈഡ് ഉറവിടത്തില്‍ തന്നെ ശുദ്ധീകരിച്ച് പിഗ്മെന്റായി വിപണിയിലെത്തിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി ഇതിനോടകം ലഭിച്ചു കഴിഞ്ഞു. അതിന്റെ നിർമാണ പ്രവര്‍ത്തനങ്ങള്‍ കമ്പനിയില്‍ തുടങ്ങുകയാണ്. നിലവില്‍ പോണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് ലക്ഷം ടണ്‍ അയണ്‍ ഓക്‌സൈഡിനെ അയണ്‍ ബില്ലറ്റുകളാക്കി വിപണിയിലെത്തിക്കാനുള്ള മറ്റൊരു പ്രോജക്ടിനും സര്‍ക്കാര്‍ അനുമതി ഉടന്‍ ലഭ്യമാകും. ഈ രണ്ട് പ്രോജക്ടുകളും നടപ്പാകുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാകും. മൈനിങ് നടത്താനായി നീണ്ടകര ഭാഗത്ത് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും നിലവില്‍ തോട്ടപ്പള്ളിയില്‍ നിന്നും ധാതുമണല്‍ ശേഖരണം തുടങ്ങി എന്നും കമ്പനി മാനേജ്മന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.