മത്സരം കടുപ്പം; ലക്ഷദ്വീപ് നാളെ ബൂത്തിലേക്ക്
text_fieldsകൊച്ചി: ഒരുമാസത്തിലധികം നീണ്ട പരസ്യപ്രചാരണം പൂർത്തീകരിച്ച് ലക്ഷദ്വീപ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുമ്പോൾ ആത്മവിശ്വാസത്തിൽ കോൺഗ്രസ്, എൻ.സി.പി (എസ്) നേതൃത്വങ്ങൾ. എൻ.സി.പിയിൽനിന്ന് വേർപെട്ട അജിത് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും ത്രികോണ മത്സരസാധ്യത തീരെയില്ല.
മത്സരം കോൺഗ്രസ്, എൻ.സി.പി (എസ്) പാർട്ടികൾ തമ്മിലാണെന്നതാണ് അവസാനവട്ട വിശകലനത്തിലും വ്യക്തമാകുന്നത്. രാഷ്ട്രീയപാർട്ടികളുടെ റാലികളോടെയാണ് ദ്വീപുകളിൽ പരസ്യപ്രചാരണം ബുധനാഴ്ച അവസാനിച്ചത്. ഒരു വോട്ടുപോലും നഷ്ടപ്പെടാതിരിക്കാൻ അവസാനവട്ട ശ്രമത്തിലാണ് പാർട്ടികൾ.
കഴിഞ്ഞ തവണത്തെ പോളിങ് നിലയും ദ്വീപ് തിരിച്ചുള്ള വോട്ട് ലഭ്യതയും വിശകലനം ചെയ്താണ് ഒടുവിലെ നീക്കം പുരോഗമിക്കുന്നത്. കഴിഞ്ഞ തവണ വോട്ട് കുറഞ്ഞ ദ്വീപുകളിൽ കൂടുതൽ പ്രചാരണവുമായി പാർട്ടികൾ സജീവമായിരുന്നു. വ്യാഴാഴ്ച ഒരുവട്ടംകൂടി നേരിട്ട് വോട്ടർമാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാർഥികളും പ്രവർത്തകരും.
കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സഈദ് കൈപ്പത്തി ചിഹ്നത്തിലും എൻ.സി.പി (എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസൽ കാഹളം മുഴക്കുന്ന മനുഷ്യൻ ചിഹ്നത്തിലും എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫ് ഘടികാരം ചിഹ്നത്തിലും സ്വതന്ത്ര സ്ഥാനാർഥി കോയ കപ്പൽ ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
823 വോട്ടിനാണ് കഴിഞ്ഞ തവണ ഹംദുല്ല സഈദിനെ മുഹമ്മദ് ഫൈസൽ പരാജയപ്പെടുത്തിയത്. 2019ൽ ജെ.ഡി.യു 1342, സി.പി.എം 420, സി.പി.ഐ 143 എന്നിങ്ങനെ വോട്ട് നേടിയിരുന്നു. ഇവർക്ക് ഇത്തവണ സ്ഥാനാർഥികളില്ല. സി.പി.എം, സി.പി.ഐ പാർട്ടികൾ ഇത്തവണ എൻ.സി.പി (എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.