ജോജു ജോര്‍ജുമായുള്ള ഒത്തുതീർപ്പ് അട്ടിമറിച്ചത് ബി. ഉണ്ണികൃഷ്ണനും സി.പി.എം നേതാക്കളുമെന്ന് ആരോപണം
text_fieldsമരട് (എറണാകുളം): നടന്‍ ജോജു ജോര്‍ജുമായുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പിലെത്തിയപ്പോള്‍ അതിനെ അട്ടിമറിച്ചത് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ചില സി.പി.എം നേതാക്കളുമെന്ന് കേസിലെ ഒന്നാം പ്രതിയും മുന്‍ മേയറുമായ ടോണി ചമ്മണി. കേസില്‍ പൊലീസിന് മുമ്പില്‍ കീഴടങ്ങാൻ എത്തിയപ്പോഴാണ് പ്രതികരണം.
ഉണ്ണികൃഷ്ണന്‍റെ രാഷ്ട്രീയ നിലപാട് എല്ലാവര്‍ക്കും അറിവുള്ളതാണ്. ജനങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയ കക്ഷികള്‍ സമരം നടത്തുമ്പോള്‍ അതില്‍ സിനിമ പ്രവര്‍ത്തകര്‍ കക്ഷി ചേരരുത്. അവര്‍ സിനിമാക്കാര്യങ്ങളാണ് നോക്കേണ്ടതെന്നും ടോണി ചമ്മണി പറഞ്ഞു.
സമര വിഷയം തീക്ഷ്ണമായതുകൊണ്ട് സമര ശൈലിയും മുറയും തീക്ഷ്ണമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ജോജു സമരമുഖത്തു വന്ന് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. അതുകൊണ്ടു പ്രവര്‍ത്തകർ വൈകാരികമായി പ്രതികരിക്കുകയായിരുന്നു.
ജോജു പിന്നീട് സി.പി.എമ്മിന്‍റെ ചട്ടുകമായി മാറി വ്യാജ പരാതി കൊടുക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ സമരം സംസ്ഥാന സര്‍ക്കാറിലേക്ക് തിരിയുമെന്നു വന്നപ്പോള്‍ ജോജുവിനെ സി.പി.എം കരുവാക്കി.
പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് ജോജു പ്രതിഷേധിച്ചതെന്ന് പറയുന്നു. അത് പൊതുനിലപാടാണെങ്കില്‍ അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. പക്ഷെ, അത് അദ്ദേഹം തെളിയിക്കണം. വരും ദിവസങ്ങളില്‍ കേരളത്തില്‍ സി.പി.എമ്മിന്‍റെ ജില്ലാ സമ്മേളനങ്ങള്‍ നടക്കും. റാലികള്‍ നടക്കും. ജോജു ആ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറുണ്ടോ എന്നാണ് അറിയേണ്ടത്. എങ്കില്‍ പൊതുനിലപാടാണെന്ന് സമ്മതിക്കും.
ജോജു ജില്ലാ റാലി പോയി തടയണം എന്നു പറയില്ല. ഫേസ്ബുക്കിലൂടെയെങ്കിലും പ്രതികരിച്ചാല്‍ നിലപാട് പൊതുസമീപനമാണെന്ന് വിശ്വസിക്കാം. കോണ്‍ഗ്രസ് സമരം നടക്കുമ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി ഇത് ആരുടെ സമരാണെന്നു ചോദിച്ചു. കോണ്‍ഗ്രസ് സമരമാണെന്ന് അറിഞ്ഞപ്പോഴാണ് പ്രതികരിച്ചത്. സി.പി.എമ്മിന്‍റെ സമരമായിരുന്നെങ്കില്‍ അദ്ദേഹം പ്രതികരിക്കില്ലായിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലഹരി മരുന്നു കേസിലല്ല പ്രതിയായത്, സ്വര്‍ണക്കടത്തിലുമല്ല. ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നത്തിലാണ്. അതുകൊണ്ടു തന്നെ പാര്‍ട്ടി സംരക്ഷിക്കും എന്ന ഉറപ്പുണ്ട്. രാഷ്ട്രീയമായും നിയമപരമായും അറസ്റ്റിനെ നേരിടും. കോണ്‍ഗ്രസിന്‍റെ സമരം സംസ്ഥാന സര്‍ക്കാറിനെതിരെയാണ്. ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.