സർക്കാർ ജീവനക്കാരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സംവിധാനം പൊളിച്ചെഴുതുന്നു
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ജോലി മികവിനെക്കുറിച്ച രഹസ്യ (കോൺഫിഡൻഷ്യൽ) റിപ്പോർട്ട് സംവിധാനം പൊളിച്ചെഴുതാൻ തീരുമാനം. നിലവിൽ ഗ്രേഡ് അടിസ്ഥാനത്തിലാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകിയിരുന്നതെങ്കിൽ ഇനി സംഖ്യാടിസ്ഥാന ഗ്രേഡിങ് (ന്യൂമറിക്കൽ) സംവിധാനത്തിലേക്ക് മാറ്റും. ഭരണപരിഷ്കാര കമീഷൻ നാലാം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കി. സ്പെഷലൈസ്ഡ് കാറ്റഗറി ഒഴികെ എല്ലാ ഗസറ്റഡ് ഓഫിസർമാർക്കും ഇത് ബാധകമാക്കും.
10 വരെയുള്ള സ്കെയിലിലെ നമ്പർ ഗ്രേഡുകളാണ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടത്. റിപ്പോർട്ട് ചെയ്യുന്നതും വിലയിരുത്തുന്നതും അംഗീകരിക്കുന്നതും ഇതിന്‍റെ അടിസ്ഥാനത്തിലായിരിക്കും. ഏറ്റവും കുറഞ്ഞ ഗ്രേഡ് ഒന്നും ഉയർന്ന ഗ്രേഡ് പത്തും ആയിരിക്കും. അഞ്ചാണ് ബഞ്ച് മാർക്ക്. സ്കോർ അഞ്ചോ അതിൽ കുറവോ കിട്ടിയാൽ ആവശ്യമായ പരിശീലനം അവർക്ക് നൽകണം. ഒന്ന്, രണ്ട് സ്കോറുകൾ എന്നാൽ 'മോശം'എന്നാണ്. മൂന്നും നാലും ശരാശരിക്ക് താഴെ, അഞ്ച് ശരാശരി, 6,7,8 ഗുഡ്, 9,10 ഔട്ട്സ്റ്റാൻഡിങ്.
ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയായിരിക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകാനുള്ള കലണ്ടർ വർഷം. എല്ലാം ഓൺലൈനിലാകും നൽകുക. ജീവനക്കാരുടെ വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അവധികൾ, പങ്കെടുത്ത പരിശീലന പരിപാടികൾ, പുരസ്കാരങ്ങൾ എന്നിവ ആദ്യഭാഗത്ത് നൽകണം. ജോലിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ കുറിപ്പാണ് രണ്ടാം ഭാഗം.
ടീം വർക്ക്, പ്രശ്ന പരിഹാരം, നേതൃഗുണം, തീരുമാനമെടുക്കൽ, സമ്മർദത്തിലും പ്രവൃത്തിയെടുക്കൽ, ലക്ഷ്യം നിർവചിക്കലടക്കം 20 ഇനങ്ങളിലാണ് ഗ്രേഡ് നൽകുക. പിഴവ് കണ്ടെത്താനുള്ള മാർഗമല്ല, അവരെ മെച്ചപ്പെടുത്താനാണ് പുതിയ രീതിയെന്നാണ് വിശദീകരണം. വിലയിരുത്തൽ വിവരം ഓഫിസറെ അറിയിക്കണം. അവർക്ക് അഭിപ്രായത്തിന് സംവിധാനമുണ്ടാകും.
കോൺഫിഡൻഷ്യൽ റിപ്പോർട്ട് സംവിധാനം ജീവനക്കാരുടെ ഉന്നത തസ്തിക വഹിക്കാനുള്ള കഴിവ് വിലയിരുത്താൻ മാത്രമല്ല, നിലവിലെ ജോലി മെച്ചപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും കൂടിയാണെന്ന് ഭരണ പരിഷ്കാര കമീഷൻ വ്യക്തമാക്കുന്നു. നിലവിലെ ഗ്രേഡിങ് സംവിധാനത്തിൽ അപാകതയുണ്ടെന്നും കമീഷൻ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.