ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഗുണംചെയ്യുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്
text_fieldsകോട്ടയം: ക്രൈസ്തവ സഭകളുടെ അകൽച്ചയും കേരള കോൺഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതും മധ്യകേരളത്തിൽ യു.ഡി.എഫിനുണ്ടാക്കിയ തിരിച്ചടി അതിജീവിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വം സഹായിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ് ഹൈകമാൻഡ്.
എന്നാൽ, നീണ്ട ഇടവേളക്കുശേഷം യു.ഡി.എഫിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയെത്തുേമ്പാൾ മുന്നിലുള്ളത് വലിയ ദൗത്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിലടക്കം തകർന്ന യു.ഡി.എഫിനെ ശക്തമാക്കുന്നതിനൊപ്പം കൈവിട്ടുപോയ വോട്ട്ബാങ്കുകൾ തിരിച്ചുപിടിക്കുകയെന്നതും പുതിയ നീക്കത്തിലൂടെ ഹൈകമാൻഡ് ലക്ഷ്യമിടുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി അതിജീവിക്കാൻ അദ്ദേഹത്തിെൻറ മുഴുസമയ സാന്നിധ്യം അനിവാര്യമാണെന്ന റിപ്പോർട്ട് വിവിധതലങ്ങളിൽനിന്ന് ഉയർന്നതും നിയമസഭ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെ പരിഗണിക്കാൻ നേതൃത്വത്തിന് പ്രേരകമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സ്വന്തം തട്ടകമായ പുതുപ്പള്ളിയിലെ പരാജയം ഉമ്മൻ ചാണ്ടിെയയും അസ്വസ്ഥനാക്കി. നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥിതി ആവർത്തിച്ചാൽ സംസ്ഥാന ഭരണംപോലും ലഭിക്കില്ലെന്ന മുന്നറിയിപ്പും കോൺഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തി. ഘടകകക്ഷികളും യു.ഡി.എഫ് അനുഭാവമുള്ള സഭ-സമുദായ നേതാക്കളും ഇതേ അഭിപ്രായം മുന്നോട്ടുവെച്ചു. ഇതോടെയാണ് ഉമ്മൻ ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നടപടികൾ ഹൈകമാൻഡ് വേഗത്തിലാക്കിയത്.
പദവികളില്ലാതെ ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്താനാകില്ലെന്നതും പുതിയ സമിതി രൂപവത്കരണത്തിന് വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.