കോൺഗ്രസിന്‍റെ പരാജയകാരണത്തിന് പിന്നിൽ കോൺഗ്രസുകാർ തന്നെ -ടി. പത്മനാഭൻ
text_fieldsകൊച്ചി: കോൺഗ്രസിന്‍റെ പരാജയകാരണത്തിന് പിന്നിൽ കോൺഗ്രസുകാർ തന്നെയാണെന്നും അതിനിനി വേറെ ആരെയും കുറ്റം പറയേണ്ട കാര്യമില്ലെന്ന് ടി. പത്മനാഭൻ. പാർട്ടിയുടെ നേതൃസ്ഥാനങ്ങളിൽ ഇപ്പോഴും ചിലർ അട്ടയെപ്പോലെ കടിച്ചുതൂങ്ങുകയാണ്.
എറണാകുളം ഡി.സി.സി ഓഫിസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വേദിയിലിരിക്കെയാണ് ഗാന്ധി കുടുംബത്തിനെതിരെയും അധികാരമോഹികളായ കോൺഗ്രസ് നേതാക്കൾക്കെതിരെയും രൂക്ഷവിമർശനവും പരിഹാസവുമുന്നയിച്ചത്. ഡി.സി.സി ഓഫിസിലൊരുക്കിയ പോൾ പി. മാണി ലൈബ്രറിയുടെയും സബർമതി പഠനഗവേഷണകേന്ദ്രത്തിന്‍റെയും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥാകൃത്തും സാഹിത്യകാരനുമാകുന്നതിന് മുമ്പേ താനൊരു കോൺഗ്രസുകാരനാണ്. 1940 മുതൽ തുടങ്ങി ഇപ്പോൾ 93-ാം വയസ്സിലും ഗാന്ധിയനായും കോൺഗ്രസുകാരനായും ജീവിതം തുടരുന്നു. 1943 മുതല്‍ ഖദര്‍ ധരിച്ചുവരുന്നു. ലോകത്തെവിടെ പോയാലും ഖദര്‍ മാത്രമേ ധരിച്ചിട്ടുള്ളൂ.
മുണ്ടും ഷര്‍ട്ടും നല്ല വേഷമാണ്. എന്നാല്‍, ചിലര്‍ വിദേശരാജ്യത്ത് പോകുമ്പോള്‍ ബുദ്ധിമുട്ടി പാന്റ്‌സ് ഇടുന്നു. ഇതു കാണുമ്പോള്‍ 'ചന്ദ്രലേഖ' സിനിമയിലെ ശ്രീനിവാസനെ ഓര്‍മ വരും. സമീപകാല കാഴ്ചകളാണ് ഇതുപറയാന്‍ പ്രേരിപ്പിച്ചത്.
അധികാരത്തോടുള്ള ചിലരുടെ താൽപര്യമാണ് കോൺഗ്രസിനെ തകർക്കുന്നത്. ആർത്തിയും ദുരാർത്തിയും ദുരാശയുമാണ് ഇപ്പോഴത്തെ നേതൃത്വത്തിനുള്ളത്. ലാളിത്യത്തിന്‍റെ ആൾ രൂപങ്ങളായിരുന്നു പണ്ടത്തെ കോൺഗ്രസ് നേതാക്കൾ. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിൽ വന്നപ്പോൾ എന്താകും ഇനി കോൺഗ്രസിന്‍റെ ഭാവി എന്നെന്നോട് ചോദിച്ചു. ഇങ്ങനെ പോയാൽ കോൺഗ്രസ് രക്ഷപ്പെടാനുള്ള സാധ്യത തുലോം വിരളമായിരിക്കും എന്നാണ് ഞാൻ പറഞ്ഞത്.
കോൺഗ്രസ് മുക്തഭാരതം എന്നാണ് കോൺഗ്രസിതര പാർട്ടികൾ പറയുന്നത്. കൃത്യമായി നെഗറ്റിവ് പ്രചാരണരീതിയാണ്. കോൺഗ്രസിനെ തോൽപിക്കാൻ ആർക്കും കഴിയില്ല. പക്ഷേ, കോൺഗ്രസുകാർ തന്നെ വിചാരിച്ചാൽ അവർക്ക് ഇവിടെനിന്ന് കോൺഗ്രസിനെ തൂത്തുതുടച്ച് ഇല്ലാതാക്കാൻ കഴിയും.
രാഹുൽ ഗാന്ധി തോറ്റത്, സ്ഥിരമായി അമേത്തി കിട്ടുമെന്ന് കരുതിയിരുന്നിട്ടാണ്. അമേത്തിയിൽ ജയിക്കുമെന്ന് കരുതിയ രാഹുലിന് സ്മൃതി ഇറാനിയുടെ ജയം കാണേണ്ടി വന്നു. സ്മൃതി ഇറാനിയുടെ ആരാധകനല്ല ഞാൻ. ആകുകയുമില്ല. പക്ഷേ, ഒരു കാര്യത്തിൽ അവരോട് ഞാൻ ഹാറ്റ്‍സ് ഓഫ് പറയുന്നു. തോറ്റശേഷം സ്ഥിരമായി അവരാ മണ്ഡലത്തിൽ പോയി. അവിടെ പ്രവർത്തിച്ചു.
രാഹുലോ, അഞ്ച് വർഷത്തിനു ശേഷമാണ് പിന്നെ അവിടെ പോയത്. അതുകൊണ്ട് രാഹുലിന് വയനാട്ടിലേക്ക് വരേണ്ടി വന്നു. ഇനി റോബർട്ട് വാദ്രകൂടി രാഷ്ട്രീയത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ആ കുറവും കൂടി കോൺഗ്രസിനുള്ളൂവെന്നും ടി. പത്മനാഭൻ പരിഹസിച്ചു.
ചടങ്ങില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.പി. സജീന്ദ്രന്‍, വി.ജെ. പൗലോസ്, എം.പിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എം.എൽ.എമാരായ കെ. ബാബു, റോജി എം. ജോണ്‍, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജേക്കബ് ജി. പാലക്കപ്പള്ളി, ഡോ. എം.സി. ദിലീപ്കുമാര്‍, ജോസഫ് വാഴയ്ക്കന്‍, കവി ആര്‍.കെ. ദാമോദരന്‍ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.