ഗൂഢാലോചന നടന്നു, ഞാൻ അതിന്‍റെ ഇര; കുറ്റം ചെയ്തവർ പ്രത്യാഘാതം നേരിടട്ടെ -നമ്പി നാരായണൻ
text_fieldsതിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. ഗൂഢാലോചന നടന്നിട്ടുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയാണോ അല്ലയോ എന്ന് ഞാൻ പറയുന്നില്ല. കുറ്റം ചെയ്തവർ അതിന്‍റെ നിയമപരമായ പ്രത്യാഘാതം നേരിടട്ടെയെന്നും നമ്പി നാരായണൻ പ്രതികരിച്ചു.
ഒരു കുറ്റം നടന്നിട്ടുണ്ട്. അതിന്‍റെ ഇരയാണ് താൻ. നിയമപരമായ കാര്യങ്ങൾ അതിന്‍റെ ഭാഗത്ത് നടക്കട്ടെ. സുപ്രീംകോടതിയാണ് അന്വേഷണ സമിതി ഉണ്ടാക്കിയത്. സുപ്രീംകോടതി ജഡ്ജാണ് കമ്മിറ്റിയിലുള്ളതെന്നും നമ്പി നാരായണൻ പറഞ്ഞു.
ജസ്റ്റിസ് ജയിൻ കമീഷൻ റിപ്പോർട്ട് വേണമെന്ന നമ്പി നാരായണന്‍റെ ആവശ്യം കോടതി ഇന്ന് തള്ളിയിരുന്നു. എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ലെന്നും, അതൊക്കെ വർഷങ്ങൾക്ക് മുമ്പുള്ള ആഗ്രഹമായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നമ്പി നാരായണൻ മറുപടി നൽകി.
കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.ആർ.ഒ ചാരക്കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം സി.ബി.ഐ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതി ഇന്ന് വിധിച്ചത്. ജസ്റ്റിസ് ജയിൻ കമീഷൻ റിപ്പോർട്ടിലെ ശിപാർശ അംഗീകരിച്ചാണ് വിധി. ജയിൻ കമീഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. കേരള പൊലീസ് നമ്പി നാരായണനെ കുടുക്കാൻ ഗൂഢാലോചന നടത്തിയോയെന്നാണ് അന്വേഷിക്കുക. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, കൃഷ്ണ മുരാരി എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
1994ലെ െഎ.എസ്.ആർ.ഒ ചാരക്കേസിെൻറ അന്വേഷണം നടത്തിയത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യു, കെ.കെ. ജോഷ്വ, എസ്. വിജയൻ തുടങ്ങിയവരാണ്. കേസ് അടിസ്ഥാനരഹിതമാണെന്ന് സി.ബി.െഎ പിന്നീട് കണ്ടെത്തിയിരുന്നു. ചാരക്കേസ് കെട്ടിച്ചമച്ചതിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം നിർണയിക്കാൻ സുപ്രീംകോടതി നിർദേശിച്ച പ്രകാരമാണ് ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനായി സമിതി രൂപീകരിച്ചത്. സുപ്രീംകോടതി വിധിയനുസരിച്ച് െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് ഒരു കോടി 30 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.