തടങ്കൽപാളയങ്ങൾ: സംശയം മുറുകുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിക്കുന്ന തടങ്കൽപാളയങ്ങൾ വിസ, പാസ്പോർട്ട് കേസുകളിൽ തിരിച്ചയക്കാനുള്ള വിദേശികളെ പാർപ്പിക്കാനെന്ന സാമൂഹിക നീതി വകുപ്പിെൻറ പുനർവിജ്ഞാപനത്തിൽ ദുരൂഹതയേറുന്നു. രാജ്യത്തെ ഒരു വിഭാഗം ന്യൂനപക്ഷ വിഭാഗങ്ങളെ പൗരത്വരഹിതരാക്കുന്ന നിയമ, രാഷ്ട്രീയ സാഹചര്യത്തിൽ സർക്കാർ വാദത്തിൽ സംശയമുയരുകയാണ്. തടങ്കൽപാളയങ്ങളുടെ നടത്തിപ്പ് സ്വകാര്യ സംഘടനകളെ ഏൽപിക്കാനുള്ള തീരുമാനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വിഷയത്തിൽ സാമൂഹിക നീതി വകുപ്പോ മുഖ്യമന്ത്രിയോ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. വിസ ചട്ടലംഘനങ്ങളിലും ക്രിമിനൽ കേസുകളിലും മറ്റും ശിക്ഷിക്കപ്പെട്ട് കാലാവധി പൂർത്തിയായവരെ തിരിച്ചയക്കുന്നതുവരെ പാർപ്പിക്കാനുള്ള കേന്ദ്രം േവണമെന്ന ഹൈകോടതി വിധി പ്രകാരമാണ് തടങ്കൽപാളയങ്ങൾ നിർമിക്കുന്നതെന്ന വാദമാണ് സി.പി.എം സൈബർ കേന്ദ്രങ്ങൾ ഉയർത്തുന്നത്. എന്നാൽ, കോടതി നിർദേശ പ്രകാരമാണ് തടങ്കൽപാളയങ്ങൾ (ഡിറ്റൻഷൻ സെൻറർ) സ്ഥാപിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് പുനർ വിജ്ഞാപനത്തിൽ പറയുന്നില്ല. മാത്രമല്ല, 2019ൽ വിവാദമായ വിജ്ഞാപനം പുനർ വിജ്ഞാപനമാക്കി പുറത്തിറക്കുകയാണ് ചെയ്തിരിക്കുന്നത്.
പൗരത്വ നിയമം (സി.എ.എ) കോവിഡ് വാക്സിനേഷൻ അവസാനിച്ചശേഷം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവർത്തിച്ചിരിക്കെയാണ് തടങ്കൽപാളയങ്ങൾ സ്ഥാപിക്കുന്നതിൽ ആശങ്ക വർധിക്കുന്നത്. പാസ്പോർട്ട്, വിസ കാലാവധി കഴിഞ്ഞ പൗരത്വമില്ലാത്തവരെ പാർപ്പിക്കാനുള്ള കേന്ദ്രങ്ങളിൽ പൗരത്വം നഷ്ടപ്പെടുന്നവരും ഭാവിയിൽ എത്തിെപ്പടുമോ എന്ന ആശങ്ക പൗരാവകാശ പ്രവർത്തകർക്കുണ്ട്. തടങ്കൽപാളയങ്ങൾ കേരളത്തിൽ സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഫെബ്രുവരിയിൽ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നതാണ്.
തടങ്കൽപാളയങ്ങൾ സ്ഥാപിക്കുന്നതിൽ സന്നദ്ധ സംഘടനകളുടെ സഹായം ഏത് തരത്തിലാണ് എന്നതും ചോദ്യം ചെയ്യപ്പെടുന്നു. സ്വകാര്യ സംഘടനകളുടെ കൈകളിലേക്കാണോ നടത്തിപ്പ് കൈമാറുന്നത് എന്നതാണ് ആശങ്കകളിലൊന്ന്. സംഘ്പരിവാർ നിയന്ത്രിക്കുന്ന സന്നദ്ധസംഘടനകളുടെ കൈകളിലേക്കിത് എത്താനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.