ഓടിക്കൊണ്ടിരിക്കെ ലോറിയിൽനിന്ന് കണ്ടൈനർ വേർപെട്ടു; വൻ ദുരന്തം ഒഴിവായി
text_fieldsകരുനാഗപ്പള്ളി: ദേശീയപാതയിൽ പുത്തൻ തെരുവ് ജംഗ്ഷന് സമീപം ഫിസാക്ക ഓഡിറ്റോറിയത്തിന് മുൻവശം ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട്മണിയോടെ ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും കണ്ടൈനർ ഊരിമാറി ദേശീയപാതയുടെ സൈഡിലേക്ക് മറിഞ്ഞു. കൊച്ചിയിൽ നിന്നും കണിയാപുരത്തേക്ക് ന്യൂസ് പ്രിന്‍റും കയറ്റിവന്ന കൊച്ചി ദീപക് ഏജൻസിയുടെ കണ്ടെയ്നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അർദ്ധരാത്രി ആയതിനാൽ വൻ ദുരന്തം ഒഴിവായി.
അപകടം നടന്നതിന് 25 മീറ്റർ വടക്ക് ഭാഗം ഇ.എസ് .ഐ ആശുപത്രിക്ക് മുൻവശം ഈ സമയം ദേശീയപാതയോരത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന തട്ടുകടയിൽ നിരവധി ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ട് ഇരിപ്പുണ്ടായിരുന്നു. 50 മീറ്റർ മുമ്പുവെച്ചു തന്നെ ലോറിയിൽ നിന്നും കണ്ടൈനർ ഊരി പോകുകയാണെന്ന് തനിക്ക് മനസ്സിലായെന്ന് പാലക്കാട് സ്വദേശിയായ ഡ്രൈവർ മുജീബ് പറയുന്നു. സൈഡിലേക്ക് വണ്ടി ഒതുക്കുവാൻ നോക്കിയപ്പോൾ അവിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന തട്ടുകടയും ആളുകെളെയും ശ്രദ്ധയിൽപ്പെട്ടു.
ലോറി സൈഡിലേക്ക് ഒതുക്കിയാൽ കടയിലേക്ക് കണ്ടെയ്നർ മറഞ്ഞു വൻ അപകടം ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ഡ്രൈവർ സംയമനത്തോടെ വണ്ടി നിർത്താതെ മുന്നോട്ട് എടുക്കാൻ കഴിഞ്ഞതിന്‍റെ ഫലമായാണ് ഫീസാക്ക ആഡിറ്റോറിയത്തിന്‍റെ മുൻവശം കണ്ടെയ്നർ മറിഞ്ഞത്. കണ്ടെയ്നറിന്‍റെ പകുതിഭാഗം ദേശീയപാതയിലേക്ക് കിടന്നതിനാൽ വാഹന ഗതാഗതം തടസ്സപ്പെട്ടു.
സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും കണ്ടെയ്നർ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു. ഇതിനിടയിൽ ആലപ്പുഴ ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഇന്നോവ കാർ അപകട സ്ഥലത്തുണ്ടായിരുന്ന ക്രെയിനിൽ വന്നു ഇടിച്ചു മറ്റൊരു അപകടമുണ്ടായി. ഇടിയുട ആഘാതത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന രണ്ട് യുവാക്കൾ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.