കൊടി സുനിക്കെതിരായ കേസുകളിൽ അന്വേഷണം വഴിമുട്ടുന്നത് തുടർക്കഥ
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജയിൽശിക്ഷയനുഭവിക്കുന്ന കൊടി സുനിക്കെതിരായ കേസുകളിലെ അന്വേഷണം പാതിയിൽ വഴിമുട്ടുന്നത് തുടർക്കഥ. സുനിയുൾപ്പെട്ട വിയ്യൂർ ജയിലിലെ സംഘർഷം ജയിൽ മാറ്റത്തിനുള്ള ആസൂത്രിത നീക്കമാണെന്ന സൂചനകൾ പുറത്തുവന്നതോടെയാണ് പഴയ കേസുകളിലെ അന്വേഷണം നിലച്ചത് വീണ്ടും ചർച്ചയാവുന്നത്.
സ്വർണക്കള്ളക്കടത്തിന് ഒത്താശ, കള്ളക്കടത്ത് സ്വർണത്തിന്റെ കവർച്ച ആസൂത്രണം, ജനപ്രതിനിധിയെ ഭീഷണിപ്പെടുത്തലടക്കം നല്ലളം, കൊടുവള്ളി ഉൾപ്പെടെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം നിലച്ചത്. കേസുകളിൽ പൊലീസ് സുനിയെ ജയിലിൽ ചോദ്യംചെയ്യലടക്കം പൂർത്തിയാക്കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നതാണ് പിന്നീട് കണ്ടത്.
സുനിക്കും കൂട്ടാളികൾക്കും യഥേഷ്ടം പരോൾ ലഭിച്ചെന്ന ആക്ഷേപത്തിന് പുറമെയാണ് രജിസ്റ്റർ ചെയ്യുന്ന കേസുകൾ തന്നെ ഇല്ലാതാവുന്നത്. കള്ളക്കടത്ത് സ്വർണം തട്ടിയതിന് 2017 ജൂലൈയിൽ നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൊടി സുനി ജയിലിൽ കവർച്ച ആസൂത്രണം ചെയ്തതിന്റെ വിവരങ്ങൾ ആദ്യം പുറത്തുവന്നത്. ഗൾഫിൽനിന്ന് കരിപ്പൂരിലെത്തി കാറിൽ നാട്ടിലേക്ക് മടങ്ങിയ തലശ്ശേരി ചൊക്ലി സ്വദേശി ഇസ്മയിലിനെ മോഡേൺ ബസാറിൽനിന്ന് കൊള്ളയടിച്ച് മൂന്നരക്കിലോ സ്വർണം കവർന്നിരുന്നു.
കേസിൽ പിടിയിലായ മൂന്നുപേരും കുപ്രസിദ്ധ മോഷ്ടാവ് കാക്ക രഞ്ജിത്തിന്റെ ക്വട്ടേഷനായിരുന്നു ഇതെന്നാണ് വ്യക്തമാക്കിയത്. പിന്നീട് പിടിയിലായ കാക്ക രഞ്ജിത്ത് സ്വർണം 80 ലക്ഷം രൂപക്ക് കൊല്ലം സ്വദേശി രാജേഷ് ഖന്നക്ക് വിറ്റെന്നും വ്യക്തമാക്കി.
വട്ടിപ്പലിശ ഇടപാടുകാരനായ രാജേഷ് ഖന്ന നേരത്തെ മറ്റൊരു കേസിൽ ജയിലിലായപ്പോൾ സുനിയുമായുള്ള ബന്ധമാണ് കവർച്ചക്ക് പിന്നിലെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. രഞ്ജിത്ത് അറസ്റ്റിലായപ്പോൾ രാജേഷ് ഖന്ന വിയ്യൂര്‍ ജയിലിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയതായും അന്ന് പൊലീസിന് വിവരം ലഭിച്ചു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (അഞ്ച്) കോടതി അനുമതിയോടെ കൊടിസുനിയെ ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ പി. രാജേഷിന് സ്ഥലംമാറ്റമുണ്ടായി. കൊടി സുനി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി 2019ലാണ് കൊടുവള്ളി നഗരസഭയിലെ മുസ്ലിം ലീഗ് കൗൺസിലർ രംഗത്തുവന്നത്. ഖത്തറിൽ ജ്വല്ലറിയുള്ള ഇദ്ദേഹം രേഖകളില്ലാത്ത ഒന്നരക്കിലോ സ്വർണം കൈപ്പറ്റി 45 ലക്ഷം രൂപ കൈമാറണമെന്ന് പറഞ്ഞായിരുന്നു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
വിയ്യൂർ ജയിലിലെ പരിശോധനയിൽ കൊടിസുനി, കൂട്ടുപ്രതി മുഹമ്മദ് ശാഫി എന്നിവരിൽനിന്ന് മൊബെൽ ഫോണുകൾ പിടികൂടിയതിന്റെ പിന്നാലെയായിരുന്നു കൗൺസിലറുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ കൊടുവള്ളി പൊലീസ് നടത്തിയ അന്വേഷണവും ദിവസങ്ങൾക്കകം നിലച്ചു.
സുനിക്കെതിരായ മറ്റുപരാതികളിലും പൊലീസ് അന്വേഷണം സമാന അവസ്ഥയിലാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.