ആദ്യ കടമ്പ കടന്ന് സി.പി.എം, ഇനി അനുനയം; ഇച്ഛാഭംഗത്തിൽ സി.പി.ഐ
text_fieldsതിരുവനന്തപുരം: ഇടതുമുന്നണിയിൽ സി.പി.ഐയുടെ ഉടക്കിന് വിത്തിട്ട ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഗവർണർ ഒപ്പിട്ടതോടെ ആദ്യ കടമ്പ കടന്ന് സി.പി.എം. നിയമസഭയിൽ ബില്ലായി അവതരിപ്പിക്കാൻ സി.പി.ഐയുടെ എതിർപ്പിനെ അനുനയിപ്പിക്കുക എന്ന വെല്ലുവിളിയും സി.പി.എമ്മിനും മുഖ്യമന്ത്രിക്കും മുന്നിലുണ്ട്. അതേസമയം ഓർഡിനൻസ് നിലവിൽ വന്നതോടെ പ്രതിപക്ഷത്തിനൊപ്പം ഇച്ഛാഭംഗം ബാധിച്ച സി.പി.ഐ, അനുനയത്തിനില്ലെന്ന നിലപാട് ആവർത്തിച്ചാണ് അതൃപ്തി അറിയിച്ചത്. പക്ഷേ എൽ.ഡി.എഫിലോ ഉഭയകക്ഷി യോഗത്തിലോ വിഷയം ചർച്ചയാവുമ്പോൾ സ്വീകരിക്കേണ്ടി വരുന്ന വിട്ടുവീഴ്ചയുടെ ആഘാതം കുറക്കുക എന്ന വെല്ലുവിളിയും സി.പി.ഐ നേതൃത്വത്തെ തുറിച്ച് നോക്കുന്നുണ്ട്.
കണ്ണൂർ, കാലടി സർവകലാശാല വി.സി നിയമന വിഷയത്തിൽ ഉടക്കി നിൽക്കുന്ന ഗവർണർ ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ എന്ത് നിലപാട് എടുക്കുമെന്ന സി.പി.എമ്മിന്റെ ആശങ്കക്ക് മുഖ്യമന്ത്രിയുടെ സംസ്ഥാനത്തേക്കുള്ള വരവോടെയാണ് പരിഹാരമായത്. ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചക്ക് പിന്നാലെ ഓർഡിനൻസിന് അംഗീകാരവും ലഭിച്ചു. മറിച്ചായിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന്റെ പരിഹാസെത്തക്കാൾ സ്വന്തം മുന്നണിയിൽ സി.പി.ഐയുടെ മുന്നിൽ മുട്ടുമടക്കുന്നതിന് തുല്യമായി മാറുമായിരുന്നു.
സി.പി.ഐ കടുത്ത എതിർപ്പ് തുടരുമ്പോഴും മന്ത്രിസഭ തീരുമാനം പൂർണമായും ശരിയെന്ന നിലപാടിലാണ് സി.പി.എം. കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ലോകായുക്തയിലൊന്നും മന്ത്രിമാരുടെ രാജി ആവശ്യപ്പെടാൻ അധികാരം നൽകുന്ന വ്യവസ്ഥയില്ലെന്നാണ് സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. 1999 ൽ ഇടത് സർക്കാർ പാസാക്കിയ നിയമത്തിലാണ് ധിറുതി പിടിച്ച് ഭേദഗതി കൊണ്ടുവരുന്നതെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തള്ളുന്ന സി.പി.എം നേതാക്കൾ, അത് തീരുമാനിച്ചത് സി.പി.ഐ മന്ത്രിമാർ കൂടി അടങ്ങിയ മന്ത്രിസഭയാണെന്ന് തിരിച്ചടിക്കുന്നു.
അത്തരത്തിൽ മന്ത്രിസഭ തീരുമാനിച്ചതിനെ സി.പി.ഐ സെക്രട്ടറി തന്നെ എതിർക്കുന്നത് ബാലിശമാണെന്ന വാദം മറ്റ് ഘടകകക്ഷികൾക്കുമുണ്ട്. സിൽവർ ലൈനിനെ സി.പി.എമ്മിെനക്കാൾ വീറോടെ ന്യായീകരിച്ച കാനത്തിന്റെ പുതിയ പ്രസ്താവന സി.പി.ഐയിൽ സമ്മേളനനടപടികൾ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണെന്നും ആക്ഷേപമുണ്ട്.
നിയമസഭയിൽ ഓർഡിനൻസിന് എതിരെ പ്രതിപക്ഷം നിരാകരണപ്രമേയം കൊണ്ടുവന്നാൽ നിലപാട് വ്യക്തമാക്കാൻ സി.പി.ഐ നിർബന്ധിതമാവും. ഓർഡിനൻസിന് അംഗീകാരം കിട്ടിയതോടെ ഉഭയകക്ഷി ചർച്ചക്ക് തീയതി നീളുമെന്നാണ് സൂചന. സി.പി.എമ്മിനാവട്ടെ സമവായത്തിന് സാവകാശവും ലഭിക്കും.
സി.പി.ഐക്ക് അഭിപ്രായം പറയാമെന്ന് വിജയരാഘവൻ
തിരുവനന്തപുരം: ലോകായുക്ത ഓർഡിനന്സ് വിവാദത്തിൽ സി.പി.ഐക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. സ്വാഭാവികമായി അവർക്ക് അങ്ങനെ അഭിപ്രായം പറയാനാവും. മുന്നണിക്കകത്ത് പ്രത്യക്ഷത്തിൽ അഭിപ്രായവ്യത്യാസമില്ല. എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പരസ്പരം ചർച്ച ചെയ്യുന്ന രീതി എൽ.ഡി.എഫിലുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.