പാചകവാതകം ചോർന്ന് വീടിന് തീ പിടിച്ചു; അപകടം വീട്ടുകാർ ക്ഷേത്രത്തിൽ പോയ സമയത്ത്
text_fieldsഅടൂർ: പാചകവാതകം ചോർന്ന് വീടിന് തീ പിടിച്ചു. അടൂർ പള്ളിക്കൽ ഊന്നുകൽ കല്ലായിൽ രതീഷിന്‍റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. രാവിലെ ഏഴിന് വീട്ടുകാർ സമീപത്തുള്ള ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു അപകടം. അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്ന് മുറിയിൽ നിറയുകയും കത്തിക്കൊണ്ടിരുന്ന വിറകടുപ്പിൽ നിന്നും വാതകത്തിന് തീ പിടിക്കുകയുമായിരുന്നു.
വീട്ടിൽ നിന്ന് ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികൾ അടൂർ അഗ്നിരക്ഷാ നിലയത്തിൽ വിവരമറിയിക്കുകയായിരുന്നു. അടച്ചിട്ട മുറിയിൽ ചൂട് കൂടി ശക്തമായ മർദത്തിൽ വലിയ ശബ്ദത്തോടെ ഗ്ലാസ് ജനലുകൾ പുറത്തേക്ക് പൊട്ടിച്ചിതറി സമീപത്ത് തടിച്ചു കൂടിയിരുന്ന ആളുകൾക്കിടയിലേക്ക് തെറിച്ചു. ചിതറി തെറിച്ച ഗ്ലാസ് കഷണം ശരീരത്തിൽ തറച്ച് സമീപവാസിയായ പണയിൽ വാഴപ്പള്ളിൽ വടക്കേതിൽ ഭാനുവിന് (63) പരിക്കേറ്റു. ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫിസർ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും വീടിന്‍റെ വാതിലുകൾ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നതിനാൽ അകത്ത് കയറാൻ കഴിഞ്ഞില്ല. ആളുകൾ അറിയിച്ചതനുസരിച്ച് ക്ഷേത്രത്തിൽ നിന്നും വീട്ടുകാർ മടങ്ങിയെത്തി താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കയറി വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പാചകവാതക സിലിണ്ടറുകൾ പുറത്തേക്ക് മാറ്റി.
തുടർന്ന് ഫയർ ടെണ്ടറിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ അണച്ചു. വീട്ടിനുള്ളിൽ നിന്നും സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റി. അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് ഉൾപ്പെടെ വൈദ്യുത ഉപകരണങ്ങൾ, ഗ്യാസ് അടുപ്പ്, പാത്രങ്ങൾ, ഫർണീച്ചറുകൾ എന്നി കത്തി നശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.