ഭായിമാരുടെ കണക്കില്ല ഇപ്പോഴും...
text_fieldsകൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അന്തർ സംസ്ഥാനത്തൊഴിലാളികൾ പണിയെടുക്കുന്ന ജില്ലയാണെങ്കിലും എറണാകുളത്ത് ഇപ്പോഴും തൊഴിലാളികളുടെ എണ്ണത്തിൽ അവ്യക്തത തുടരുന്നു. ഒന്നരലക്ഷത്തോളം തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ഔദ്യോഗികമായി ശേഖരിച്ച കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടിയിലേറെ വരും.
സമഗ്ര വിവരങ്ങൾ ശേഖരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് പ്രതിസന്ധിക്ക് കാരണം. സംഘടിത തൊഴിൽ മേഖലയിൽ കൂട്ടമായെത്തി തൊഴിലെടുക്കുന്നവരുടെ കണക്കെടുപ്പ് മാത്രമേ കൃത്യമായി നടക്കൂ. വലിയൊരു ശതമാനം ആഭ്യന്തരമായി സഞ്ചരിച്ച് മാറിമാറി തൊഴിലെടുക്കുന്നവരാണ്. ഇത്തരക്കാരുടെ കണക്കെടുപ്പ് ശ്രമകരമാണ്. ഓരോ താലൂക്കിലുമുള്ള അസി. ലേബർ ഓഫിസർമാർ ഇത് ഓരോ മാസവും പരിശോധിച്ച് പുതുക്കും.
എന്നാൽ, ഇതിന് പുറമേയുള്ളവർ ഇരട്ടിയിലധികം ഉണ്ടാകുമെന്ന് അധികൃതർ തന്നെ പറയുന്നു. തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി സർക്കാർ നടപ്പാക്കിവരുന്ന ആവാസ് പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ പെരുമ്പാവൂരിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. തൊഴിലാളികൾക്ക് ആവശ്യമായ നിയമോപദേശം നൽകുക, തർക്ക പരിഹാരം, കൂലി പ്രശ്നം എന്നിവയടക്കമുള്ള കാര്യങ്ങളിൽ ഫെസിലിറ്റേഷൻ സെന്റർ സഹായം നൽകുന്നുണ്ട്.
അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 10000 പേർ മാത്രം
തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് അതിഥി പോർട്ടൽ തുടങ്ങിയത്. തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും അവരുടെ ഡാറ്റാബേസ് ഉണ്ടാക്കുന്നതിനുമായി 2023ൽ തൊഴിൽ വകുപ്പ് നടപ്പാക്കിയ സംവിധാനമാണിത്. തൊഴിലുടമകൾക്കും കോൺട്രാക്ടർമാർക്കും തങ്ങളുടെ കീഴിലുള്ള തൊഴിലാളികളെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
നേരിട്ടും ഇതിൽ രജിസ്റ്റർ ചെയ്യാനാകും. ആധാർ കാർഡ്, ഫോൺ നമ്പർ, ഫോട്ടോ എന്നിവ ആവശ്യമാണ്. പോർട്ടൽ വഴി രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. ഉപഭോക്തൃ സൗഹൃദപരമായ ‘അതിഥി’ ആപ്ലിക്കേഷന്റെ നിർമാണ ഘട്ടത്തിലാണ് വകുപ്പും സർക്കാറും.
ഇത് താമസിക്കാതെ പ്രവർത്തനസജ്ജമാകും. ജില്ലയിൽ ഇതുവരെ പതിനായിരത്തിനടുത്താണ് രജിസ്റ്റർ ചെയ്തിരിക്കുന്ന തൊഴിലാളികളുടെ എണ്ണം. ആപ് ഇതുവരെ പൂർണ തോതിൽ പ്രവർത്തന സജ്ജമായിട്ടില്ല. ആപ്പിൽ രജിസ്റ്റർ ചെയ്താൽ മാത്രമേ തൊളിലാളികൾക്ക് ജോലി ചെയ്യാൻ കഴിയൂ എന്ന കർശന നിർദേശം നൽകിയാൽ ആപ്പ് ഏറെ പ്രയോജനകരമാകുമെന്ന് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു.
നിയമമുണ്ട്; സ്ഥാപന ഉടമകൾക്കും ഏജന്റുമാർക്കും ശ്രദ്ധയില്ല
സ്വന്തം സംസ്ഥാനംവിട്ട് മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഏതൊരു തൊഴിലാളികളുടെയും സേവന വേതന സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നിയമമാണ് അന്തർ സംസ്ഥാന കുടിയേറ്റ നിയമം 1979. അഞ്ചിൽ കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഇവരെ രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. എന്നാൽ ജില്ലയിൽ ഭൂരിപക്ഷവും സ്വന്തം നിലയിൽ തൊഴിൽ തേടി എത്തുന്നവരാണ്.
ഈ നിയമപ്രകാരം ഒരു അംഗീകൃത കോൺട്രാക്ടർ മറ്റ് സംസ്ഥാനങ്ങളിൽ പോയി നിയമപ്രകാരം അംഗീകാരമുള്ള മറ്റൊരു കോൺട്രാക്ടർ വഴി നിശ്ചിത സർക്കാർ ഫീസ് ഒടുക്കി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയാണ് വേണ്ടത്. അതിനാൽ നിലവിൽ സ്വന്തം നിലയിൽ ജോലിക്കെത്തുന്നവർ ഈ നിയമത്തിന്റെ പരിധിയിൽപെടാത്ത സ്ഥിതിയാണുള്ളത്. ആർട്ടിക്കിൾ 19 പ്രകാരം ഇന്ത്യയിൽ എവിടെയും തൊഴിലെടുക്കുന്നതിനും താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമുള്ള അവകാശം ഏതൊരു ഇന്ത്യൻ പൗരനുമുണ്ട്.
കണക്കെടുപ്പ്: ജീവനക്കാരുടെ കുറവ് വെല്ലുവിളി
തൊഴിൽ വകുപ്പിലെ ജീവനക്കാരുടെ കുറവ് വിവര ശേഖരണമടക്കമുള്ള കാര്യങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. മുമ്പ് പല തവണ കണക്കെടുപ്പ് നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല.
ജില്ലയിലാകെ 50 ജീവനക്കാരാണ് ഉള്ളത്. അസി. ലേബർ ഓഫിസർമാർക്ക് കീഴിൽ ഒരു ക്ലർക്കും ഓഫിസ് അസിസ്റ്റന്റുമാണുള്ളത്. ദൈനം ദിന ജോലികളും ഇവരുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിയാകുമ്പോൾ ജോലി ഭാരവും ഇരട്ടിയാകും. ആപ് പ്രവർത്തന സജ്ജമാകുന്നതോടെ കണക്കെടുപ്പ് വേഗത്തിലാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്.
പദ്ധതികളേറെ; പക്ഷേ...!
അതിഥിത്തൊഴിലാളികൾക്ക് നീതിയുക്തമായ തൊഴിൽ സാഹചര്യമൊരുക്കാൻ വിവിധ പദ്ധതികളുണ്ട്. തൊഴിൽ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണ് ആവാസ് സുരക്ഷ. തൊഴിലിനിടയിൽ മരണപ്പെട്ടാൽ ഇൻഷുറൻസ് തുകയായി രണ്ട് ലക്ഷം രൂപ ഇതിൽ അംഗമാകുന്നവരുടെ ആശ്രിതർക്ക് ലഭിക്കും. കൂടാതെ അപകടം പറ്റിയാൽ ചികിത്സാ സഹായമായി 25,000 രൂപയും ലഭിക്കും.
കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ‘അപ്ന ഘർ’. ഇവ കൂടാതെ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നു. അതിഥിത്തൊഴിലാളികൾ ഇടപെടുന്ന എല്ലാ മേഖലകളിലും സർക്കാറിന്റെ നിയന്ത്രണവും മേൽനോട്ടവുമുണ്ടെങ്കിൽ ഇവർക്ക് ഒട്ടേറെ പ്രയോജനം ചെയ്യും. തൊഴിൽ വകുപ്പിനൊപ്പം ആരോഗ്യ-തദ്ദേശ-പൊലീസ് വകുപ്പുകളുടെ സൂക്ഷ്മ ഇടപെടലും ഈ വിഷയത്തിൽ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.