രാജ്യം ഭരിക്കുന്നത് നുണയന്മാരും വിഡ്ഢികളും -വൈശാഖൻ
text_fieldsതൃപ്രയാർ: നട്ടാൽ കുരുക്കാത്ത പച്ചനുണകൾ ആവർത്തിച്ച് സത്യമാക്കി മാറ്റാൻ കഴിയുമോ എന്നുള്ള പരിശ്രമത്തിലാണ് കേന്ദ്ര ഭരണാധികാരികൾ എന്ന് സാഹിത്യകാരൻ വൈശാഖൻ.
നാട്ടിക ശ്രീനാരായണ കോളജിലെ പൂർവകാല കെ.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകരുടെ കലാ സാംസ്കാരിക സംഘടനയായ സെക്യുലർ ഫോഴ്സ് ഫോർ ഇന്ത്യയുടെ ‘മനുഷ്യരുണരുമ്പോൾ’എന്ന പേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലയിൽ കളിമണ്ണുള്ളവർ മാത്രം വിശ്വസിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന വിഡ്ഢിത്തരങ്ങളാണ് അവർ നിത്യേന പറയുന്നത്.
ചരിത്രത്തെയും സംസ്കാരത്തെയും അവർ കാവിയണിക്കുന്നു. വ്യാജബിംബ നിർമിതിയിലൂടെയാണ് ഫാഷിസം അതിന്റെ ആശയ പ്രചാരണം സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടക സമിതി ചെയർമാൻ എം.എ. ഹാരിസ് ബാബു അധ്യക്ഷത വഹിച്ചു. അശോകൻ ചരുവിൽ മുഖ്യപ്രഭാഷണം നടത്തി.
പി.ആർ. കറപ്പൻ, ഭാരതി കൃഷ്ണൻ എന്നിവരെ ആദരിച്ചു. കെ.വി. പീതാംബരനുള്ള മരണാനന്തര ബഹുമതി ഭാര്യ സരസു പീതാംബരൻ ഏറ്റുവാങ്ങി.
ചുവപ്പാണെന്റെ പേര് എന്ന ബുള്ളറ്റിൻ പ്രഫ. എം.വി. മധു ഡോ.കെ ആർ ബീനക്ക് നൽകി പ്രകാശനം ചെയ്തു. എ. എസ്. ദിനകരൻ, വി.എൻ. രണദേവ്, ടി.പി. ബാബു, വി.എ.സുരേന്ദ്രൻ, ടി.പി. ബെന്നി എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന സാംസ്കാരിക സദസ്സ് കവി പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിനിമ സംവിധായകൻ പ്രിയനന്ദനൻ, സി.എസ്. ചന്ദ്രിക, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സജീവ് നമ്പിയത്ത് ഡോ.കെ.ആർ. ബീന, പി. സലിംരാജ്, അഡ്വ. അജിത് മാരാത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് പാട്ടുസദസ്സിന് എം.എ. റിയാദ്, എ.വി. സതീഷ്, ഏങ്ങണ്ടിയൂർ കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.
ഭരത് ആർ. നായരുടെ വയലിൻ, ഗോപിക നന്ദനയുടെ നൃത്തം, സജീവ് നമ്പിയത്തിന്റെ തീയേറ്റർ പെർഫോമൻസ്, ടി.എസ്. സന്തോഷിന്റെ കാരിക്കേച്ചർ രചന, തിരുവാതിരക്കളി, സാർവദേശീയഗാനം, പ്രതിരോധജ്വാല എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.