മോദി ഭരണത്തിൽ രാജ്യത്തിനുണ്ടായത് 28 ലക്ഷം കോടിയുടെ നഷ്ടം -പി. ചിദംബരം
text_fieldsതൃശൂര്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 10 വർഷത്തെ ബി.ജെ.പി ഭരണത്തിലൂടെ രാജ്യത്തിനുണ്ടായത് 28 ലക്ഷം കോടി രൂപയുടെ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം. കെ.പി.സി.സി സമരാഗ്നി യാത്രക്ക് തൃശൂര്‍ തെക്കേ ഗോപുരനടയില്‍ നല്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറു ലക്ഷം കോടിയുടെ മൊത്ത ആഭ്യന്തര ഉൽപാദനമാണ് 10 വര്‍ഷംകൊണ്ട് യു.പി.എ സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തത്. അടുത്ത 10 വര്‍ഷത്തിൽ 200 ലക്ഷം കോടിയാകേണ്ടിയിരുന്ന മൊത്ത ആഭ്യന്തര ഉൽപാദനം 172 ലക്ഷം കോടിയിലെത്തിക്കാനാണ് മോദി ഭരണത്തിന് കഴിഞ്ഞത്. ബി.ജെ.പി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും തെറ്റായ നയങ്ങളുമാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച മുരടിച്ചതിന് പിന്നില്‍. പ്രതിവര്‍ഷം രണ്ടു കോടി തൊഴില്‍ വാഗ്ദാനം ചെയ്താണ് മോദി അധികാരത്തിൽ കയറിയത്. എന്നാൽ, കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള പ്രധാന സ്ഥാപനങ്ങളില്‍ പോലും നിലവിൽ നിയമനം നടക്കുന്നില്ല. കേന്ദ്ര സർവകലാശാലകളിലും ആതുരാലയങ്ങളിലും മാത്രം 10 ലക്ഷം ഒഴിവുകളാണ് നികത്താനുള്ളത്.
നിലവിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിമുഖതക്ക് പുറമെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കേന്ദ്രം മുന്നിട്ടിറങ്ങുന്നില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം തൊഴിലില്ലായ്മ നിരക്ക് 10 ശതമാനമാണെങ്കിലും യഥാർഥ കണക്കുകള്‍ ഇതിനും അപ്പുറമാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ രാജ്യത്തെ 27 കോടി പാവപ്പെട്ടവരെ ദാരിദ്ര്യരേഖയില്‍നിന്ന് ഉയര്‍ത്തി. കോണ്‍ഗ്രസിന് ഭരണം ലഭിച്ചാല്‍ നിലവില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന 22 കോടി ജനങ്ങളേയും മധ്യവർഗത്തിലേക്ക് ഉയര്‍ത്താനാകുമെന്ന ഉറപ്പും അദ്ദേഹം നല്കി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ സ്വീകരണത്തിന് മറുപടി പറഞ്ഞു.
ജില്ല ആശുപത്രി പരിസരത്ത് നിന്നും വാദ്യമേളങ്ങളോടെ പൊതുസമ്മേളന വേദിയായ തേക്കിൻകാട് മൈതാനത്തേക്ക് ആനയിച്ചു. എം.പിമാരായ ടി.എന്‍. പ്രതാപന്, ബെന്നി ബഹന്നാന്, രമ്യ ഹരിദാസ്, ജെബി മേത്തര്‍, എ.ഐ.സി.സി സെക്രട്ടറി റോജി എം. ജോണ്‍, നേതാക്കളായ എ.പി. അനില്‍കുമാര്‍, ഷാനിമോള്‍ ഉസ്മാന്, എ.എ. ഷുക്കൂര്‍, പത്മജ വേണുഗോപാല്‍, വി.ടി. ബല്‍റാം, അബ്ദുള്‍ മുത്തലീഫ്, ഡോ. സരിന്, ഒ. അബ്ദുറഹിമാന്‍കുട്ടി, പി.എ. മാധവന്, ടി.വി. ചന്ദ്രമോഹന്, എം.പി. ജാക്സണ് തുടങ്ങിയവര്‍ പങ്കെടുത്തു. കോര്പറേഷന് പ്രതിപക്ഷ നേതാവ് രാജന് ജെ. പല്ലന് നന്ദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.