രാജ്യം മതേതര പ്രൈതൃകം വീണ്ടെടുക്കും -പ്രഫ. മുഹമ്മദ് സുലൈമാൻ
text_fieldsകോഴിക്കോട്: വിദ്യാർഥികളും യുവജനങ്ങളും അണിനിരന്ന പ്രതിരോധ ശക്തിക്കുമുന്നിൽ ഫാഷിസത്തിന്റെ ഭീഷണി ഇല്ലാതാവുമെന്നും രാജ്യം അതിന്റെ മതേതര പൈതൃകം വീണ്ടെടുക്കുമെന്നും ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ. മതേതരശക്തികൾ ഒന്നിച്ചുനിന്നാൽ വർഗീയ ശക്തികളെ അധികാരത്തിൽനിന്ന് അകറ്റാനാവുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസമായി നടന്ന ഐ.എൻ.എൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം വലിയ അപകടാവസ്ഥയിലാണ്. കോർപറേറ്റുകളും ഫാഷിസ്റ്റ് ശക്തികളും ചേർന്ന് ഭരണഘടനതന്നെ ഇല്ലാതാക്കുകയാണ്. വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ മഹിമ. ഇതെല്ലാം ഇല്ലായ്മ ചെയ്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഏഴുവർഷം മുമ്പ് ഇത്തരത്തിലൊരു ശ്രമം നടന്നപ്പോൾ മുസ്ലിം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു. ഇ.ഡി, സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ അന്വേഷണ ഏജൻസികളെയെല്ലാം ബി.ജെ.പി സർക്കാർ കാവിവത്കരണത്തിനായി ഉപയോഗിക്കുകയാണ്. ജഡ്ജിമാരെപ്പോലും വരുതിയിലാക്കുന്നു.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരുപോലെ എതിർക്കപ്പെടണമെന്നും ഫാഷിസ്റ്റുകൾക്കെതിരായ യഥാർഥ പോരാളികൾ ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. സേട്ട് സാഹിബ് സ്മാരക അവാർഡ് ജോൺ ബ്രിട്ടാസ് എം.പിക്ക് സമ്മാനിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, പി. സന്തോഷ് കുമാർ എം.പി, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, മുക്കം മുഹമ്മദ്, കാരാട്ട് റസാഖ്, അഡ്വ. ഇഖ്ബാൽ സഫർ, മുസമ്മിൽ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സ്വാഗതവും വൈസ് പ്രസി. മൊയ്തീൻ കുഞ്ഞി കളനാട് നന്ദിയും പറഞ്ഞു.
ശക്തിതെളിയിച്ച് പ്രകടനം
കോഴിക്കോട്: ശക്തിപ്രകടനത്തോടെയായിരുന്നു ഐ.എന്‍.എല്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം. വിവിധ ജില്ലകളില്‍നിന്നെത്തിയ ആയിരങ്ങള്‍ അണിനിരന്ന റാലി സംഘടനയുടെ കരുത്ത് വിളിച്ചോതി.
സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ വൻ സ്ത്രീപങ്കാളിത്തവുമുണ്ടായിരുന്നു. വിവിധ കലാരൂപങ്ങളും റാലിയിൽ അണിനിരന്നു. നേതാക്കളായ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, കാസിം ഇരിക്കൂര്‍, ബി. ഹംസ ഹാജി, ഡോ. എ.എ. അമീന്, എം.എം. മാഹീന്, കെ.എസ്. ഫക്രുദ്ദീന്‍, സലാം കുരിക്കള്‍, മൊയ്ദീന്‍കുഞ്ഞി കളനാട്, എം.എം. ലത്തീഫ്, സുലൈമാന്‍ ഇടുക്കി, ഒ.ഒ. ഷംസു, അഷ്റഫലി വല്ലപ്പുഴ, അഡ്വ. ഷമീര്‍ പയ്യനങ്ങാടി, ഫാദില്‍ അമീന്, എ.പി. മുസ്തഫ, സി.എം.എ. ജലീല്‍, നിഷ വിനു, ഹസീന നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.