രാജ്യത്തെ ആദ്യ താളിയോല മ്യൂസിയം തലസ്ഥാനത്ത്
text_fieldsതിരുവനന്തപുരം: ഒരു കോടിയിൽപരം താളിയോല ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാനനഗരിയിൽ ഒരുങ്ങുന്നു. സംസ്ഥാന ആർക്കൈവ്സ് വകുപ്പിന് കീഴിലെ സെൻട്രൽ ആർക്കൈവ്സിൽ സജ്ജമാക്കുന്ന മ്യൂസിയത്തിെൻറ ഉദ്ഘാടനം പുരാരേഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഓൺലൈനായി നിർവഹിച്ചു.
ചരിത്രത്തിെൻറ വസ്തുനിഷ്ഠമായ നേർസാക്ഷ്യമാണ് താളിയോലകളെന്ന് മന്ത്രി പറഞ്ഞു. ചരിത്രത്തെ തമസ്കരിക്കുന്ന വർത്തമാനകാലത്ത് താളിയോലകൾ ചരിത്രത്തെ സംരക്ഷിക്കുന്നവയാണ്. ക്ഷേത്രപ്രവേശനം, അയിത്തോച്ഛാടനം തുടങ്ങിയ നവോത്ഥാന സമരങ്ങളുടെ നാൾവഴികളെ അടയാളപ്പെടുത്തും വിധത്തിലാകും മ്യൂസിയം ഒരുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
നാല് കോടി രൂപയാണ് മ്യൂസിയം നിർമാണച്ചെലവ്. സർക്കാർ നോഡൽ ഏജൻസിയായ കേരള മ്യൂസിയമാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒരു കോടിയിൽപരം താളിയോലകളാണ് ആർക്കൈവ്സ് വകുപ്പിെൻറ ശേഖരത്തിലുള്ളത്. വേണാട്, തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവയുടെ ചരിത്രമടങ്ങിയ രേഖകളിൽ ഒറ്റ ഓലകളും താളിയോല ഗ്രന്ഥങ്ങളും ചുരുണകളും ഉൾപ്പെടുന്നു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവിവരങ്ങളടങ്ങിയ മതിലകം രേഖകൾ, തുറമുഖത്തിലെ ചുങ്കപ്പിരിവ് സംബന്ധിച്ച തുറമുഖം രേഖകൾ, തിരുവിതാകൂർ ഹൈകോടതി, നെയ്യാറ്റിൻകര മുനിസിഫ് കോടതി എന്നിവിടങ്ങളിലെ രേഖകൾ, ഹജൂർ ഒഴുക് എന്ന പേരിലെ ഭൂരേഖകൾ എന്നിവ താളിയോലകളിലും തിരുവിതാംകൂർ ഗസറ്റ്, സെറ്റിൽമെൻറ് എന്നിവയുടെ പുസ്തകരൂപത്തിലുള്ള ശേഖരങ്ങളുമാണ് ആർക്കൈവ്സിലുള്ളത്. ഇതുവരെയും റീസർവേ നടക്കാത്ത പ്രദേശങ്ങളുടെയെല്ലാം ആധാരരേഖകളും ഇതിൽ ഉൾപ്പെടുന്നു. താളിയോലകൾ പുൽത്തൈലം പുരട്ടി കേടുവരാതെ സൂക്ഷിച്ചിട്ടുണ്ട്.
ഫോർട്ടിലെ ആർക്കൈവ്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ നായർ അധ്യക്ഷതവഹിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ പി. രാജേന്ദ്രൻ നായർ, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരളം മ്യൂസിയം ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, ആർക്കൈവ്സ് വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, കണ്ടൻറ് ക്രിയേഷൻ കമ്മിറ്റി ചെയർമാൻ ഡോ.ബി. ശോഭനൻ, ആർക്കൈവ്സ് വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ പി. ബിജു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.