പോക്സോ കേസിൽ 75 ദിവസത്തെ ജയിൽവാസം: മകളുടെ വിവാഹം മുടങ്ങി, ഭാര്യ നിത്യരോഗിയായി; അധ്യാപകനെ കോടതി വെറുതെ വിട്ടു
text_fieldsതിരൂർ: പോക്സോ കേസിൽ 75 ദിവസം ജയിലിൽ കിടന്ന അധ്യാപകനെ തിരൂർ കോടതി വെറുതെ വിട്ടു. വിദ്യാർഥികളിലൊരാളുടെ രക്ഷിതാവ് നൽകിയ കേസിൽ 75 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് തിരൂർ പോക്സോ കോടതി അധ്യാപകനെ വെറുതെ വിട്ടത്.
താനൂർ പൊലീസ് വേണ്ട വിധം അന്വേഷിക്കാത്തതിനാലാണ് അകാരണമായി ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും 75 ശതമാനം അംഗവൈകല്യമുള്ള തനിക്കെതിരെ വിദ്യാർഥിയുടെ രക്ഷിതാവിനുണ്ടായ മറ്റ് ചില വിരോധം മുതലെടുത്ത് പോക്സോ കേസ് നൽകുകയായിരുന്നെന്നുമാണ് അധ്യാപകൻ പറയുന്നത്. ഇതിന് വിദ്യാലയത്തിലെ ചില അധ്യാപകർ കൂട്ടുനിന്നതായും അധ്യാപകൻ ആരോപിക്കുന്നു.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അകത്തായതോടെ മാനഹാനിയുണ്ടാവുകയും തന്റെ ഭാര്യ നിത്യരോഗിയായതായും മകളുടെ വിവാഹം മുടങ്ങുകയും ചെയ്തു. കേരള വികലാംഗ സഹായ സമിതിയുടെ സംസ്ഥാന ഭാരവാഹിയും സ്കൂൾ അധ്യാപക സംഘടനയുടെ ജില്ല ഭാരവാഹിയുമായിരുന്ന താൻ എല്ലാ മേഖലയിലും തഴയപ്പെട്ടതായും അധ്യാപകൻ പറഞ്ഞു. മഞ്ചേരി ജയിലിൽ കടുത്ത ദേഹോപദ്രവമേറ്റതായും അധ്യാപകൻ പറഞ്ഞു.
നിരപരാധിയായ തന്നെ പോക്സോ കേസിൽ കുടുക്കിയ കുട്ടിയുടെ രക്ഷിതാക്കൾ, വിദ്യാലയത്തിലെ രണ്ട് അധ്യാപകർ, താനൂർ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സുപ്രീം കോടതി വരെ പോരാടാൻ തയാറാണ്. തിരൂർ കോടതിയിൽ നടന്ന കേസിൽ അധ്യാപകന് വേണ്ടി മഞ്ചേരി കോടതിയിലെ അഭിഭാഷകൻ അഡ്വ. എം. അബ്ദുൽ ഷുക്കൂർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.