പരീക്ഷയിൽ ഉദാര സമീപനം ഉചിതമല്ലെന്ന് കോടതി
text_fieldsകൊച്ചി: പരീക്ഷകളിൽ ഉദാര സമീപനം സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് കോടതി. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിക്കുമെന്ന ഉത്തരവ് പാലിക്കാതെ ചോദ്യ പേപ്പർ തയാറാക്കുന്നതിനെതിരായ ഹരജികൾ തള്ളിയശേഷമാണ് ഹൈകോടതിയുടെ അഭിപ്രായപ്രകടനം.
എല്ലാ കുട്ടികൾക്കും 100 ശതമാനം മാർക്ക് നൽകുന്നത് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ തകർക്കും. ഹരജിക്കാർ ആവശ്യപ്പെടുന്ന തരത്തിൽ പരീക്ഷ നടത്തുന്നത് നിലവാരത്തകർച്ചക്കിടയാക്കും. മിടുക്കരായ കുട്ടികൾക്ക് ഉയർന്ന മാർക്ക് വാങ്ങാൻ കഴിയുന്ന തരത്തിലാണ് പരീക്ഷ ചോദ്യപേപ്പറുകൾ തയാറാക്കേണ്ടത്. ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉദാരമായ നിലപാട് സ്വീകരിക്കുന്നത് വരാനിരിക്കുന്ന എൻട്രൻസ് പരീക്ഷകളിൽ കേരള സിലബസിലുള്ള കുട്ടികൾ പിന്നിലാവുന്ന സാഹചര്യമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് സർക്കാർ ഉത്തരവ് പാലിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെത്തുടർന്ന് പഠനരംഗത്തുണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ചോദ്യപേപ്പർ പാറ്റേണിൽ മാറ്റം വരുത്തുമെന്ന ഉത്തരവ് സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഞാറക്കൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ഡെന്നി വർഗീസ് അടക്കം നൽകിയ ഹരജികളാണ് ജസ്റ്റിസ് അമിത് റാവൽ പരിഗണിച്ചത്. ആകെയുള്ള പാഠഭാഗങ്ങളിൽ 60 ശതമാനം ഭാഗം ഫോക്കസ് ഏരിയയാക്കി നിശ്ചയിക്കാനും ചോദ്യപേപ്പറിലെ 70 ശതമാനം ചോദ്യങ്ങളും ഈ ഭാഗത്തുനിന്ന് തയാറാക്കാനും തീരുമാനിച്ച് കഴിഞ്ഞ ഡിസംബർ 16ന് സർക്കാർ ഉത്തരവിറക്കിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
50 ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾ അധിക ചോയ്സ് എന്ന നിലയിൽ നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, അധിക ചോയ്സ് അടക്കം ഈ തീരുമാനങ്ങളൊന്നും പാലിക്കാതെയാണ് ഇപ്പോൾ ചോദ്യപേപ്പർ പാറ്റേൺ നിശ്ചയിച്ചിരിക്കുന്നതെന്നായിരുന്നു ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.