സ്വർണക്കടത്ത് കേസ്; യു.എ.പി.എക്ക് തെളിവില്ലെങ്കിൽ ജാമ്യം നൽകുമെന്ന് കോടതി
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾക്ക് തെളിവ് ഹാജരാക്കിയില്ലെങ്കിൽ ജാമ്യം നൽകുമെന്ന് കോടതി. എട്ട് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു പ്രത്യേക കോടതി ജഡ്ജിയുടെ വാക്കാലുള്ള വിമർശം.
ദേശീയ അന്വേഷണ ഏജൻസി ചുമത്തിയ യു.എ.പി.എ പ്രകാരമുള്ള കുറ്റങ്ങൾക്ക് തെളിവുള്ളതായി വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ വീണ്ടും നിർദേശിച്ച കോടതി ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. എഫ്.ഐ.ആറിൽ പറയുന്ന കുറ്റങ്ങൾക്ക് തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്നും കേസ് ഡയറിയിൽ ഇത് വ്യക്തമായി രേഖപ്പെടുത്തണമെന്നും എൻ.ഐ.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തിൽ നേരിട്ട് പങ്കെടുത്തവർ, ഗൂഢാലോചന നടത്തിയവർ, സ്വർണക്കടത്തിന് പണം നിക്ഷേപിച്ചവർ എന്നിവരുടെ പട്ടിക തിരിച്ച് സമർപ്പിക്കണം. കേസിൽ 30 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വർണക്കടത്തിന് പണം മുടക്കിയ പ്രതികൾ ഭീകരപ്രവർത്തനത്തിന് പണം നൽകിയവരല്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വി.ടി. രഘുനാഥ് വാദിച്ചു. 80 ദിവസമായി റിമാൻഡിൽ കഴിയുന്ന പല പ്രതികളും യു.എ.പി.എ വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തവരല്ലെന്നായിരുന്നു പ്രതിഭാഗം വാദം.
ചൊവ്വാഴ്ച എൻ.ഐ.എക്കുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ നേരിട്ടാവും കോടതിയിൽ ഹാജരാവുക. ഇതിനൊപ്പം കേസ് ഡയറിയും ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.