പൊലീസിന്‍റെ വയർലെസ് സന്ദേശം ചോർത്തൽ; ഷാജന്‍ സ്കറിയയുടെ അറസ്റ്റ് കോടതി തടഞ്ഞു
text_fieldsകൊച്ചി: മറുനാടന്‍ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് എറണാകുളം ജില്ല കോടതി. പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയതിൽ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് തടഞ്ഞത്. 2021ലെ വയലെസ് ചോർച്ചയിൽ ഇന്നാണോ കേസ് എടുക്കുന്നതെന്നും ഒരേ കുറ്റത്തിന് ഒന്നിലധികം കേസുകൾ എന്തിനാണെന്നും കോടതി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട് ഷാജൻ സ്‌കറിയയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. തിരുവനന്തപുരത്ത് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഷാജൻ സ്‌കറിയയെ, അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. തുടർന്നാണ് അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്. ഹരജിയിൽ രാവിലെ കോടതി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ഉച്ചക്ക് ശേഷം മൂന്നോടെയാണ് കോടതി വാദം കേട്ടത്.
പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തി അത് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നാണ് ഷാജനെതിരായ കേസ്. 2021ലായിരുന്നു സംഭവം. നേരത്തെ, ഷാജൻ സ്കറിയയെ നിലമ്പൂരിൽനിന്ന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖ ചമച്ചെന്ന കേസിലായിരുന്നു നടപടി. ഓൺലൈനിലൂടെ മതവിദ്വേഷം പടർത്തി എന്ന പരാതിയിൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാനെത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.