ദിലീപിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതി ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദിലീപിന്റെയും ഒപ്പമുള്ള മറ്റു പ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധനക്ക് അയക്കുന്നത് സംബന്ധിച്ച തീരുമാനവും ഇന്ന് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.45-നാണ് ഉപഹർജി പരിഗണിക്കുന്നത്.
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈൽ ഫോണുകളിൽ ആറെണ്ണമാണ് ഇന്നലെ ദീലീപ് അടക്കമുള്ള പ്രതികൾ ഹൈകോടതിക്ക് കൈമാറിയത്. ദിലീപിന്റെ മൂന്ന് മൊബൈൽ ഫോണും സഹോദരൻ അനൂപിന്റെ രണ്ട് ഫോണും സഹോദരീഭർത്താവ് സൂരജിന്റെ ഒരു ഫോണും തിങ്കളാഴ്ച 10.15-നുമുമ്പ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ ഹാജരാക്കണമെന്നായിരുന്നു കോടതി നിർദേശം. ഇതുപ്രകാരം ഫോണുകൾ ഹാജരാക്കിയിരുന്നു.
ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. ദിലീപിന് അറസ്റ്റിൽ നിന്ന് ലഭിക്കുന്ന സംരക്ഷണം സംരക്ഷണം കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. കേരളത്തിൽ ഇതുവരെ ഒരു പ്രതിക്കും ലഭിക്കാത്ത പരിഗണനയാണ് ഈ കേസിൽ ദിലീപിന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ഫോണുകൾ പൊലീസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്നാണ് ദിലീപിന്‍റെ വാദം. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്നും അഡ്വ. രാമൻപിള്ള കോടതിയിൽ ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈകോടതിയില്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.