ആഭ്യന്തര വകുപ്പിൽ ഇടപെടാനില്ലെന്നുറച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയർന്നെങ്കിലും ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കാൻ സി.പി.എമ്മില്ല. പൊലീസിനെ നിയന്ത്രിക്കാൻ നേതൃത്വം ഇടപെടണമെന്ന് ഏരിയ, ജില്ല സമ്മേളനങ്ങളിൽ ആവശ്യമുയർന്നിരുന്നു. പിന്നാലെ പൊലീസ് അതിക്രമത്തെ കുറിച്ച് തുടർച്ചയായി മാധ്യമവാർത്തകളും വന്നു. ഈ സാഹചര്യത്തിൽ വിഷയം ചർച്ചചെയ്ത പാർട്ടി നേതൃത്വം ആഭ്യന്തര വകുപ്പിന് മൂക്കുകയറിടണമെന്ന ആവശ്യം തള്ളി. തുടർന്നാണ് ജനുവരി ഏഴിന് സംസ്ഥാന സെക്രട്ടറി മുഖപത്രത്തിൽ വിശദീകരണം നൽകിയത്.
അഭ്യന്തര വകുപ്പിനെ നിയന്ത്രിക്കാൻ ഇടപെടുന്നത് പാർട്ടി സെൽ ഭരണമെന്ന ആക്ഷേപത്തിന് ഇടവരുത്തുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വലതുപക്ഷ മാധ്യമങ്ങളും കോൺഗ്രസ്, ബി.ജെ.പി കക്ഷികളും ലക്ഷ്യം വെക്കുന്നതും ഇതാണ്. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ മുതൽ ഭരണത്തിൽ ഇടപെടരുതെന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ഭരണത്തുടർച്ചയിലും അതിൽ മാറ്റംവരുത്തേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ.
പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നത് ആർ.എസ്.എസുകാരാന്നെന്നും പരാതി നൽകാൻ പോകുന്ന സി.പി.എം പ്രവർത്തകരെ പോലും പ്രതിയാക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങൾക്കും, ആഭ്യന്തര വകുപ്പ് പാർട്ടി നിയന്ത്രണത്തിലല്ലെന്ന മറുപടിയാണ് നേതൃത്വത്തിനുള്ളത്. എല്ലാ രാഷ്ട്രീയ നിലപാടുള്ളവരും പൊലീസിലുണ്ട്. സേനയിലുള്ളവരെ രാഷ്ട്രീയമായി വേർതിരിച്ച് ഭരണനിർവഹണം സാധ്യമല്ല. കടുത്ത ആരോപണ വിധേയർക്കും കുറ്റം തെളിയിക്കപ്പെടുന്നവർക്കുമെതിരെ നടപടി സ്വീകരിക്കലാണ് പോംവഴി. പല ആക്ഷേപങ്ങളും പ്രാദേശികമായി ഉണ്ടാവുന്ന വിഷയങ്ങളെ സാമാന്യവത്കരിച്ച് ഉന്നയിക്കുന്നതാണ്. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽനിന്ന് ഭിന്നമായി ഇവിടെ വർഗീയ ലഹളയില്ലെന്നതടക്കം കാര്യങ്ങൾ മറച്ചുവെച്ചാണ് ഈ സാമാന്യവത്കരണം. സി.പി.എം പ്രാദേശിക നേതാക്കളിൽ ചിലർ തങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ പൊലീസ് സ്റ്റേഷനുകളിൽ ഇടപെടുന്ന പ്രവണതയുണ്ടെന്നും അത് അനുവദിക്കേണ്ടതില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.