ധ്രുവീകരണ രാഷ്ട്രീയത്തിന് തിരികൊളുത്തി സി.പി.എം
text_fieldsതിരുവനന്തപുരം: ഭരണത്തുടർച്ച അനിവാര്യമായതോടെ മുസ്ലിം ലീഗിനെ ചൂണ്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ ധ്രുവീകരണ കണക്കുകൂട്ടലുമായി സി.പി.എം. മതേതര സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ലീഗുമായി വിവിധ ഘട്ടങ്ങളിൽ കൂട്ടുകെട്ടുണ്ടാക്കി ഭരണത്തിലേറിയതും അടവുനയവും മറന്നാണ് സി.പി.എം നേതാക്കളുടെ ആരോപണം. ബി.ജെ.പിക്ക് പോലും ലീഗ് ബാന്ധവം തൊട്ടുകൂടായ്മ ആയിരുന്നില്ല.
അഞ്ച് വർഷത്തിലൊരിക്കൽ ഇരുമുന്നണികൾ മാറി മാറി വരിക്കുന്ന കേരളത്തിൽ ഇത്തവണ അധികാരം നഷ്ടമായാൽ രാജ്യത്ത് ഒരിടത്തും ഭരണത്തിലുണ്ടാവില്ലെന്ന വെല്ലുവിളി സി.പി.എമ്മിന് അഭിമുഖീകരിക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടായി മാറിയ ഭക്ഷ്യ കിറ്റ്, ക്ഷേമ പെൻഷൻ, ലൈഫ് ഭവന പദ്ധതിയും മാത്രമല്ല അഴിമതി ആരോപണവും ഭരണ ക്രമക്കേടും പ്രചാരണ അജണ്ടയായി എത്തുമെന്ന തിരിച്ചറിവിൽ നിന്നാണ് മുസ്ലിം വർഗീയത മുൻനിർത്തിയുള്ള ധ്രുവീകരണ രാഷ്ട്രീയം സി.പി.എം തെരഞ്ഞെടുത്തത്. അതേസമയം ഒളിഞ്ഞും തെളിഞ്ഞും ലീഗ് ബന്ധം അധികാര രാഷ്ട്രീയത്തിൽ നടപ്പാക്കിയ ആദ്യ പാർട്ടികളിലൊന്ന് സി.പി.എമ്മാണ്.
കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനുശേഷം '65ൽ ലീഗുമായി സഖ്യമുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചത്. '67ലെ നിയമസഭ തെരഞ്ഞെടുപ്പിലാവെട്ട സി.പി.എമ്മും സി.പി.െഎയും ലീഗും ഉൾപ്പെടുന്ന സപ്തകക്ഷി മുന്നണിയായാണ് മത്സരിച്ചത്. ലീഗിന് മന്ത്രി സ്ഥാനവും ലഭിച്ചു. '70ൽ തുടങ്ങി '77 വരെ സി.പി.െഎ മുഖ്യമന്ത്രി സ്ഥാനം കൈയാളിയ മുന്നണിയിൽ ലീഗ് പ്രമുഖ ഘടകകക്ഷിയായിരുന്നു. '91ലെ കോ-ലീ-ബി സഖ്യത്തിലൂടെ ബി.ജെ.പിയും ലീഗുമായി കൂട്ടുകെട്ടിൽ ഏർപ്പെട്ടു.
'87ൽ ബദൽ രേഖയെ ചൊല്ലി ഉയർന്ന വിവാദവും ലീഗ് ബാന്ധവത്തെ ചൊല്ലിയായിരുന്നു. മാത്രമല്ല, പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ച കാലത്ത് പലപ്പോഴും ലീഗുമായി പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ അടവ് കൂട്ടുകെട്ടുകളിൽ സി.പി.എം ഏർപ്പെട്ടു.
വി.എസ്. അച്യുതാനന്ദൻ, വെളിയം ഭാർഗവൻ, ടി.ജെ. ചന്ദ്രചൂഡൻ എന്നിവരുടെ കടുത്ത എതിർപ്പും അതിന് നേരിടേണ്ടിവന്നു. ഇൗ ചരിത്രം തമസ്കരിച്ച് ലീഗിനെ ചൂണ്ടിയുള്ള ഭൂരിപക്ഷ സാമുദായിക ധ്രുവീകരണ ശ്രമം തിരിച്ചടിയാവുമെന്ന ആശങ്ക ഇടതുപക്ഷ അനുഭാവികളിലുണ്ട്.
ഹിന്ദു വോട്ടുകളിലാണ് സി.പി.എം പ്രതീക്ഷ. ന്യൂനപക്ഷ വർഗീയത ഉയർത്തുന്നത് വഴി കോൺഗ്രസിലെ ഹിന്ദു വോട്ടുകൾ ബി.ജെ.പിയിലേക്ക് പോവാതെ ലഭ്യമാകുമെന്നാണ് നേതൃത്വത്തിെൻറ കണക്കുകൂട്ടൽ.
ക്രൈസ്തവ സമൂഹത്തിൽ പ്രചരിക്കുന്ന ഇസ്ലാം വിരുദ്ധ പ്രചാരണത്തിലും സി.പി.എം കണ്ണുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.