ഭരണ പ്രതിച്ഛായയിൽ മുറുകെപ്പിടിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: ഭരണത്തിെൻറ പ്രതിച്ഛായയിൽ വിട്ടുവീഴ്ചയില്ലാതെ രണ്ടാം പിണറായി സർക്കാറും സി.പി.എമ്മും. സർക്കാറിനെയും സംഘടനയെയും ആരോപണത്തിെൻറയും അഴിമതിയുടെയും നിഴലിൽ നിർത്തിയ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിലെ വീഴ്ചകൾ ആവർത്തിക്കരുതെന്ന മുൻകരുതലിെൻറ ആദ്യ ഉദാഹരണമാണ് വനിതാ കമീഷൻ അധ്യക്ഷ എം.സി. ജോസഫൈെൻറ പടിയിറക്കം. കണ്ണൂർ ഡി.വൈ.എഫ്.െഎയുമായി ബന്ധപ്പെട്ട് ഉയർന്ന സ്വർണക്കടത്ത് സംഘ ബന്ധമെന്ന ആക്ഷേപത്തെ തുടക്കത്തിലേ തള്ളിപ്പറഞ്ഞതും ഇതിെൻറ ഭാഗമാണ്.
നാല് മന്ത്രിമാരുടെ രാജിയും സ്വർണക്കടത്ത് ആരോപണവും പാർട്ടി സെക്രട്ടറിയുടെ മകെൻറ വിവാദങ്ങളും കഴിഞ്ഞ സർക്കാറിനെ പിടിച്ചുലച്ചു. ഇത് ആവർത്തിക്കരുതെന്ന മുൻകരുതലിെൻറ ഭാഗമായാണ് മന്ത്രിമാരിലും എം.എൽ.എമാരിലും ഒരുവിഭാഗത്തെ തെരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കിയത്. പുതിയ സർക്കാറിൽ മുഖ്യമന്ത്രി, മന്ത്രി ഒാഫിസുകളിൽ പിടിമുറുക്കിയ സി.പി.എം അഹിതമായവ ഉണ്ടാകരുതെന്ന കർശന നിർദേശം മന്ത്രിമാർക്കും നൽകി. പാർട്ടിയറിയാതെ നടത്തിയ ആരോഗ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് നിയമനനീക്കം തടഞ്ഞത് ഇതിന് ഉദാഹരണമാണ്.
ഭരണവുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും ഇടനൽകരുതെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും. ഇതാണ് ജോസഫൈെൻറ രാജിക്കിടയാക്കിയത്. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ജോസഫൈെൻറ വിവാദ നിലപാടിൽ കണ്ണടച്ചതാണ് ഇന്ന് നാണക്കേടുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. ഭരണവുമായി ബന്ധപ്പെട്ട പദവികളിൽ നിയമിക്കുന്നവരുടെ കാര്യത്തിൽ ജാഗ്രത വേണമെന്നാണ് സെക്രേട്ടറിയറ്റ് തീരുമാനം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ മാത്രമല്ല പെരുമാറ്റവുംകൂടി പരിഗണിക്കാനാണ് തീരുമാനം. പൊതുമേഖലാ ബോർഡ്, കോർപറേഷൻ അധ്യക്ഷ പദവികളിലും വനിതാ കമീഷൻ പോലുള്ള സ്ഥാപനങ്ങളിലും ഇതേ നിലപാടാകും പിന്തുടരുക.
സ്വർണക്കടത്ത് ക്വേട്ടഷൻ സംഘങ്ങളുമായി കണ്ണൂരിലെ ഡി.വൈ.എഫ്.െഎ പ്രവർത്തകർക്കുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നയുടനെ തള്ളിപ്പറയാൻ സി.പി.എം കണ്ണൂർ ജില്ല നേതൃത്വമാണ് ആദ്യം രംഗത്തെത്തിയത്. ജൂലൈ അഞ്ചിന് വിപുല പ്രചാരണം നടത്താൻ തീരുമാനിച്ചത് ആരോപണത്തിെൻറ കറ ഒരിക്കലും വീഴരുതെന്ന നിലപാടിെൻറ ഭാഗമാണ്. ഡി.വൈ.എഫ്.െഎയുമായി ബന്ധമുണ്ടായിരുന്ന സ്വർണക്കടത്ത് പ്രതികളെ സംഘടനയിൽനിന്ന് പുറത്താക്കുന്നതിന് പുറമെ അവർക്ക് പിന്തുണ നൽകരുതെന്ന നിലപാടും പ്രതിച്ഛായയിൽ മുറുകെപ്പിടിച്ചാണ്.
വിവാദങ്ങളിൽ ബന്ധം സംശയിക്കുന്നവരെ തള്ളിപ്പറയാനും പൊതുസമൂഹത്തിൽ തുറന്നുപറയാനുമാണ് തീരുമാനം. ക്വേട്ടഷൻ- മാഫിയ സംഘങ്ങൾക്കും സാമൂഹിക തിന്മകൾക്കുമെതിരായ പ്രചാരണംതന്നെ ഇത് ലക്ഷ്യമിട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.