Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
welfare party
cancel
Homechevron_rightNewschevron_rightKeralachevron_rightഅധികാര തുടർച്ചക്കായി...

അധികാര തുടർച്ചക്കായി സി.പി.എം വർഗീയ ധ്രുവീകരണമുണ്ടാക്കുന്നു -വെൽഫെയർ പാർട്ടി

text_fields
bookmark_border

തിരുവനന്തപുരം: അധികാര തുടർച്ചക്കായി കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ്​ സി.പി.എം ശ്രമമെന്ന്​ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്​ അനുവദിച്ചാൽ കേരളം സംഘ്പരിവാറിന്‍റെ സമ്പൂർണ നിയന്ത്രണത്തിലാകുന്ന ഭീതിജനകമായ സാഹചര്യമാണ്​ ഉണ്ടാവുക. ഇതിനെ കേരളം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ വെൽഫെയർ പാർട്ടി യു.ഡി.എഫുമായുണ്ടാക്കിയ പ്രാദേശിക ധാരണയെ ഭീകരവൽക്കരിച്ച് കേരളത്തിൽ മുസ്‌ലിം ഭീതി പരത്തി വിവിധ മതസമൂഹങ്ങളെ ഭിന്നിപ്പിക്കാൻ സി.പി.എം നേതൃത്വത്തിൽ ആസൂത്രിത ഗൂഢാലോചന നടന്നിരുന്നു. മാധ്യമങ്ങളെയടക്കം ഉപയോഗിച്ച് പ്രചണ്ഡമായ വർഗീയ പ്രചാരണമാണ് സി.പി.എം നടത്തിയത്.

2015ൽ കേരളത്തിൽ ഇടത്​ മുന്നണിയുമായി പാർട്ടി സമാനമായ പ്രാദേശിക ധാരണയുണ്ടാക്കുകയും നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ച് വർഷം ആ ധാരണയിൽ ഭരണ പങ്കാളിത്തം വഹിക്കുകയും ചെയ്തതാണ്. അപ്പോഴൊന്നും ഇല്ലാത്ത എന്ത് വർഗീയതയാണ് വെൽഫെയർ പാർട്ടിയിൽ സി.പി.എം കണ്ടതെന്ന് വ്യക്തമാക്കണം.

വെൽഫെയർ പാർട്ടിയുടെ ആശയങ്ങളും നയനിലപാടുകളും മുൻനിർത്തി പരസ്യ സംവാദത്തിന് സി.പി.എമ്മിനെ ക്ഷണിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തിയ വർഗീയ ധ്രുവീകരണ ശ്രമം വിജയിച്ചുവെന്ന സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് ശേഷമാണ് നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ തന്ത്രം പയറ്റാൻ സി.പി.എം തീരുമാനിച്ചത്.

പാർട്ടി സെക്രട്ടറി വിജയരാഘവന്‍റെ പ്രസ്താവന ഇതിന്‍റെ തുടക്കമാണ്. കൂടുതൽ ശക്തിയോടെ കേരളത്തിൽ വംശീയ വിദ്വേഷം വർധിപ്പിക്കാനാണ് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ശ്രമിക്കുന്നത്.

കേരളത്തെ ആത്യന്തികമായി സംഘ്പരിവാറിന്‍റെ പാളയത്തിലെത്തിക്കാനാണ് ഇത് ഇടവരുത്തുക. അപകടകരമായ ഈ നീക്കത്തിൽനിന്ന് സി.പി.എമ്മിനെ തടഞ്ഞില്ലെങ്കിൽ കേരളം ത്രിപുരയാകും എന്ന് സമൂഹം തിരിച്ചറിയണം. റാന്നി പഞ്ചായത്തടക്കം വിവിധയിടങ്ങളിൽ എൽ.ഡി.എഫും ബി.ജെ.പിയും തുടരുന്ന സഹകരണം വരാൻ പോകുന്ന അപകടത്തിന്‍റെ തുടക്കമാണ്.

യു.ഡി.എഫുമായി നൂറോളം തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് വെൽഫെയർ പാർട്ടിക്ക് പ്രാദേശിക ധാരണയുണ്ടായത്. അതിൽ മുപ്പത്തഞ്ചോളം പഞ്ചായത്തുകളിൽ ഭരണം എൽ.ഡി.എഫിൽനിന്ന് തിരിച്ചുപിടിക്കാൻ യു.ഡി.എഫിനായിട്ടുണ്ട്.

അഴിമതിയിലും കെടുകാര്യസ്ഥതയിലും സ്വജന പക്ഷപാതത്തിലും പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ട ഇടതുപക്ഷത്തിനെതിരെ ജനവികാരം ഉയർത്തിക്കൊണ്ടുവരുന്നതിൽ യു.ഡി.എഫ് പരാജയപ്പെട്ടു. കോൺഗ്രസിനുള്ളിലെ ആഭ്യന്തര ഛിദ്രത ഇതിൽ പ്രധാന പങ്ക് വഹിച്ചു. അത് മറച്ചുവെക്കാനാണ് കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ വെൽഫെയർ പാർട്ടിയുമായുണ്ടാക്കിയ നീക്കുപോക്കിനെ മറയാക്കുന്നത്. സ്വന്തം വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതിരിക്കാനുള്ള ശ്രമം മാത്രമാണിത്.

സി.പി.എമ്മിന്‍റെ ഭരണ പരാജയവും അവരുയർത്തുന്ന വർഗീയ പ്രചാരണങ്ങളും രാഷ്​ട്രീയമായി ചെറുക്കാൻ ശ്രമിക്കുന്നതിന് പകരം സി.പി.എം വാദങ്ങളെ ശരിവെക്കാനാണ് മുല്ലപ്പള്ളി ശ്രമിക്കുന്നത്. ഇത് തുടരാനാണ് ഉദ്ദേശമെങ്കിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന് സംഭവിച്ച തകർച്ച കേരളത്തിലും ആവർത്തിക്കാനാണ് ഇടവരുത്തുകയെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ മനസ്സിലാക്കണം.

വെൽഫെയർ പാർട്ടി കേരളത്തിലെ ഒരു മുന്നണിയുടെയും ഭാഗമല്ല. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാൻ അപേക്ഷ നൽകിയിട്ടുമില്ല. ഇരു മുന്നണികളുമായും അടിസ്ഥാന വികസന നയങ്ങളിലും സാമൂഹിക നീതിയുമായ ബന്ധപ്പെട്ട വീക്ഷണങ്ങളിലും രാഷ്​ട്രീയമായ വിയോജിപ്പുകൾ വെൽഫെയർ പാർട്ടിക്കുണ്ട്. രാജ്യത്തെ നിലവിലെ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് മതേതര പാർട്ടികളുമായി പലയിടത്തും സമര മുന്നണികളിൽ വെൽഫെയർ പാർട്ടി യോജിക്കാറുണ്ട്. പൗരത്വ പ്രക്ഷോഭത്തിലും കർഷക പ്രക്ഷോഭത്തിലും പശ്ചിമ ബംഗാളിൽ വെൽഫെയർ പാർട്ടിയും ഇടതുപക്ഷവും കോൺഗ്രസും ഇപ്പോഴും ഒരേ സമര മുന്നണിയിലാണുള്ളത്.

2015ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക പ്രശ്നങ്ങളിലൂന്നിയുള്ള സഹകണം നിലനിൽക്കെ തന്നെയാണ് 2016ൽ കേരളത്തിൽ വെൽഫെയർ പാർട്ടി നിയമസഭയിലേക്ക് മത്സരിച്ചത്. നിയമസഭ - പാർലമെന്‍റ്​ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ പ്രശ്നങ്ങളാണ് വെൽഫെയർ പാർട്ടി ഉന്നയിക്കാറുള്ളത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും പാർട്ടി ഇങ്ങനെ തന്നെയാണ് സമീപിക്കുക. വെൽഫെയർ പാർട്ടി നീക്കുപോക്കിനെ ഉപയോഗിച്ച് കേരളത്തെ മതപരമായും ജാതീയമായും ഭിന്നിപ്പിച്ച് അധികാര നേട്ടമുണ്ടാക്കാനുള്ള സി.പി.എം ശ്രമത്തെ കേരള സമൂഹം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സുരേന്ദ്രന്‍ കരിപ്പുഴ, സെക്രട്ടറി സജീദ് ഖാലിദ് എന്നിവരും വാർത്താസ​മ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimwelfare party
News Summary - The CPM is creating communal polarization in Kerala for the continuation of power - Welfare Party
Next Story