ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യമുയർത്തി സി.പി.എം പ്രക്ഷോഭം സംഘടിപ്പിക്കുന്നു
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യമുയര്‍ത്തി ഈമാസം ഏഴിന് സി.പി.എം പ്രക്ഷോഭം നടത്തും. ജില്ല, ഏരിയ കേന്ദ്രങ്ങളിലാകും പരിപാടി സംഘടിപ്പിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്ത് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ ആർ.എസ്.എസ് അതിക്രമം വർധിക്കുകയാണ്. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 300 ക്രിസ്ത്യൻ ആരാധനാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
ലൗജിഹാദ്, പശുസംരക്ഷണം എന്നിവയുടെ പേര് പറഞ്ഞായിരുന്നു അതിക്രമങ്ങൾ. പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗത്തിനെതിരായും ദേശവ്യാപകമായി അക്രമം നടത്തുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ സംരക്ഷണ മുദ്രാവാക്യം ഉയർത്തിയുള്ള പ്രക്ഷോഭം.
സി.പി.എം ജില്ല സമ്മേളനങ്ങൾ ഈമാസം പത്തിന് ആരംഭിച്ച് ജനുവരിയോടെ പൂർത്തിയാക്കും. മാർച്ച് ഒന്നുമുതൽ നാലുവരെ എറണാകുളത്ത് സംസ്ഥാന സമ്മേളനം നടക്കും. അതിെൻറ സ്വാഗതസംഘ രൂപവത്കരണം ഡിസംബർ എട്ടിന് നടക്കും. ചില ഏരിയ സമ്മേളനങ്ങളിൽ ഒറ്റപ്പെട്ട മത്സരങ്ങൾ നടന്നിട്ടുണ്ട്. മത്സരം ഒരിക്കലും പാർട്ടി എതിർത്തിട്ടില്ല. തിരുവാക്ക് എതിർവായില്ലാത്ത പാർട്ടിയല്ല സി.പി.എം. എന്നാൽ വിഭാഗീയമായ നടപടിയുണ്ടായാൽ അത് പരിശോധിക്കും.
സംഘടന വിരുദ്ധമായി എന്തെങ്കിലുമുണ്ടായാൽ അത് ഉപരി കമ്മിറ്റിയാവും പരിശോധിക്കുക. ആരോഗ്യ പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകുമെന്നും കാര്യമായ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതിനാലാണ് താൻ സെക്രട്ടറിയായി തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ ആരോപണങ്ങളെ ഭയന്നാൽ പൊതു പ്രവർത്തനം ഉപേക്ഷിക്കേണ്ടിവരും. അതെല്ലാം പ്രതീക്ഷിച്ചാണ് പൊതുപ്രവർത്തനത്തിൽ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.