സ്വന്തം മക്കള്‍ക്കു വേണ്ടി എല്ലാം ചെയ്യുകയും മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുന്ന അധമ രാഷ്ട്രീയമാണ് സി.പി.എം നടപ്പാക്കുന്നത്-വി.ഡി. സതീശൻ
text_fieldsകൊച്ചി:സ്വന്തം മക്കള്‍ക്കു വേണ്ടി എല്ലാം ചെയ്യുകയും മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുന്ന അധമ രാഷ്ട്രീയമാണ് സി.പി.എം നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ്.
പാര്‍ട്ടി ഗൂഡാലോചനയും കൊലപാതകവും നടത്തി പാര്‍ട്ടി തന്നെ പ്രതികളെ സംരക്ഷിക്കുകയും കേസുകള്‍ നടത്തുകയും ചെയ്യുന്ന തീവ്രവാദ സംഘടനയായി കേരളത്തിലെ സി.പി.എം മാറി. ഏത് കൊലപാതകം നടന്നാലും പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്ന സ്ഥിരം പ്രസ്താവനപാര്‍ട്ടി ഓഫീസില്‍ എഴുതി വച്ചിരിക്കുകയാണ്.
പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലാത്ത കെലക്കേസിലാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ ഒരു മുന്‍ എം.എല്‍.എയും ലോക്കല്‍, ഏരിയ കമ്മിറ്റി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് പങ്കില്ലെന്ന സ്ഥിരം പല്ലവിക്ക് ഒരു അര്‍ത്ഥവുമില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടു.
പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാലു പ്രതികള്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. നേരത്തെ പത്ത് പ്രതികളെ വെറുതെ വിട്ടിരുന്നു. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കും.
കുടുംബത്തിന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള തീരുമാനം പാര്‍ട്ടി എടുക്കും. ക്രൂരമായ കൊലപാതകമാണ് പെരിയയില്‍ നടന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകമായതു കൊണ്ടു തന്നെ വധശിക്ഷയാണ് കുടുംബം പ്രതീക്ഷിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അവസരം നല്‍കില്ലെന്നത് സി.പി.എമ്മിന്റെ രീതിയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനവും ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തി ഈ ചെറുപ്പക്കാര്‍ക്ക് നാട്ടുകാര്‍ക്കിയില്‍ സ്വാധീനം വര്‍ധിക്കുന്നത് മനസിലാക്കിയാണ് പാര്‍ട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയത്. സ്റ്റാലിന്റെ റഷ്യയിലേതു പോലുള്ള ക്രൂര കൊലപാതകങ്ങളാണ് സി.പി.എം നടത്തുന്നത്. നാട്ടിലെ ജനപ്രിയരായ ചെറുപ്പക്കാരെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.എമ്മാണ്.
അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളെക്കാള്‍ മോശമായി കൊലപാതകം നടത്തുന്ന സി.പി.എമ്മിന്റെ തനിനിറമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വന്തം മക്കള്‍ക്കു വേണ്ടി എല്ലാം ചെയ്യുകയും മറ്റുള്ളവരുടെ വീട്ടിലെ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ചെയ്യുന്ന അധമമായ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് പെരിയ കൊലപാതകം. പൊലീസിനെക്കൊണ്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.
സി.ബി.ഐ അന്വേഷണം വന്നാല്‍ സ്വന്തം ആളുകള്‍ കുടുങ്ങുമെന്ന് മനസിലായപ്പോള്‍ പൊതുഖജനാവിലെ നികുതിപ്പണം ചെലവാക്കിയാണ് അതിനെ എതിര്‍ത്തത്. സി.ബി.ഐ അന്വേഷണം വരാതിരിക്കുന്നതിനു വേണ്ടി കേരള സര്‍ക്കാര്‍ ചെലവാക്കിയ പണം സി.പി.എം ഖജനാവിലേക്ക് അടക്കണം. ക്രൂരന്‍മാരായ ക്രിമിനലുകളെ രക്ഷിക്കാന്‍ നമ്മള്‍ കൊടുക്കുന്ന നികുതിപ്പണമാണ് പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത്.
ഇത്തരം നടപടികള്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നതു കൂടിയാണ് ഈ കോടതി വിധി. ടി.പിയെ കൊലപ്പെടുത്തിയതിനു ശേഷം മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച് മറ്റാരോ ആണെന്ന് കാണിക്കാന്‍ ശ്രമിച്ചു. എന്നിട്ടും പാര്‍ട്ടി നേതാക്കളും ക്രിമിനലുകളും ജയിലിലായി. പെരിയ കൊലക്കേസിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് പറഞ്ഞത്.
എന്നിട്ടും എന്തുകൊണ്ടാണ് മുന്‍ എം.എല്‍.എയും നേതാക്കളും ജയിലില്‍ ശിക്ഷിക്കപ്പെട്ടത്. കൊലപാതകം നടത്തിയിട്ടും സി.പി.എം ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം പാര്‍ട്ടി ഉറച്ചു നിൽക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.