സി.പി.എമ്മിന് ജോസിനോട് അതിമൃദുത്വം, ഇടഞ്ഞ് സി.പി.ഐ; എൽ.ഡി.എഫിലെ സീറ്റ് ചർച്ചകൾ മുടന്തുന്നു
text_fieldsതിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനോടുള്ള സി.പി.എമ്മിെൻറ അതിമൃദുസമീപനത്തിൽ തട്ടി എൽ.ഡി.എഫിലെ സീറ്റ് ചർച്ചകൾ മുടന്തുന്നു. മുന്നണിയിലെ ചെറുകക്ഷികൾ മൗനം പാലിക്കുേമ്പാൾ ഇനി വിട്ടുവീഴ്ചക്കില്ലെന്ന് സി.പി.െഎ നേതൃത്വം തുറന്നടിച്ചു. സി.പി.എം-സി.പി.െഎ ഉഭയകക്ഷി ചർച്ച ധാരണയിൽ എത്താത്തതിനെ തുടർന്ന് ഞായറാഴ്ച ചേർന്ന എൽ.ഡി.എഫ് സംസ്ഥാനസമിതി പ്രത്യേക തീരുമാനങ്ങളിൽ എത്താനാവാതെ പിരിഞ്ഞു.
ചെറുകക്ഷികളുടെ സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും തങ്ങൾ ആവശ്യപ്പെട്ട ഏഴ് സീറ്റുകൾ മൂന്നാക്കിയതിൽ പ്രതിഷേധിച്ച് എൽ.ജെ.ഡി രണ്ടു പ്രതിനിധികളെ എൽ.ഡി.എഫ് യോഗത്തിൽ പെങ്കടുപ്പിച്ചില്ല. എം.വി. ശ്രേയാംസ് കുമാറും ഷേക്ക് പി. ഹാരീസുമാണ് സാധാരണ എൽ.ഡി.എഫിൽ പെങ്കടുക്കുന്നത്. എന്നാൽ ഇത്തവണ ഡോ. വർഗീസ് ജോർജാണ് പെങ്കടുത്തത്.
കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനൽകുന്നതിന് പകരം ചങ്ങനാശ്ശേരി വേണമെന്ന തങ്ങളുടെ ആവശ്യം പരിഗണിക്കാതെ വിട്ടുവീഴ്ച വേണമെന്ന സി.പി.എം നേതൃത്വത്തിെൻറ സമ്മർദമാണ് സി.പി.െഎയെ ചൊടിപ്പിച്ചത്. എൽ.ഡി.എഫ് യോഗത്തിന് മുമ്പും ശേഷവും ഇരുകക്ഷി നേതൃത്വവും കൂടിക്കാഴ്ച നടത്തിയെങ്കിലും ധാരണയിൽ എത്തിയില്ല.
പുതിയ കക്ഷികൾ വന്ന സാഹചര്യത്തിൽ തങ്ങൾ വിട്ടുവീഴ്ച ചെയ്യുകയാണ്. സി.പി.െഎയും അതുപോലെ വിട്ടുവീഴ്ചക്ക് തയാറാവണമെന്നായിരുന്നു സി.പി.എം പ്രതികരണം. അത് സാധിക്കില്ലെന്ന് പറഞ്ഞ സി.പി.െഎ കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുകൊടുക്കാൻ നേരേത്ത പ്രകടിപ്പിച്ച താൽപര്യം പിൻവലിച്ചു.
മാർച്ച് ഒമ്പതിലെ സംസ്ഥാന നിർവാഹകസമിതിയിൽ ചർച്ച ചെയ്ത ശേഷമേ നിലപാട് അറിയിക്കാൻ കഴിയൂവെന്ന് വ്യക്തമാക്കി. മലപ്പുറത്ത് നേരേത്ത വിട്ടുനൽകിയ തിരൂരങ്ങാടി, ഏറനാട് സീറ്റുകളിൽ മാത്രമാണ് നിലവിൽ ധാരണ. വിട്ടുവീഴ്ചക്ക് തയാറായില്ലെങ്കിൽ 25 സീറ്റുകളിൽ മത്സരിക്കാനാണ് സി.പി.െഎ ഒരുങ്ങുന്നത്.
അതേസമയം കേരള കോൺഗ്രസ് (എം)ന് 13 സീറ്റുകൾ നൽകാമെന്ന വാഗ്ദാനമാണ് സി.പി.എം നൽകിയത്. ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യമാണ് ജോസ് വിഭാഗത്തിന്. റാന്നി, പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഇടുക്കി, തൊടുപുഴ, പിറവം, പെരുമ്പാവൂർ, ചാലക്കുടി, കുറ്റ്യാടി, ഇരിക്കൂർ എന്നിവയിലാണ് ധാരണയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.