മുൻ ഗ്രാമപഞ്ചായത്ത് വനിത അംഗത്തെ പുറത്താക്കിയ നടപടി സി.പി.എം സംസ്ഥാന കമ്മിറ്റി റദ്ദാക്കി
text_fieldsരാധിക
വണ്ടൂർ: വണ്ടൂരിലെ സി.പി.എം പ്രാദേശിക നേതൃത്വത്തിന് തിരിച്ചടിയായി മുൻ ഗ്രാമപഞ്ചായത്ത് അംഗത്തെ പുറത്താക്കിയ നടപടി സംസ്ഥാന നേതൃത്വം റദ്ദാക്കി. വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 2015-20 ഭരണസമിതിയിലെ 18ാം വാർഡ് അംഗവും പാർട്ടി പുളിക്കൽ ബ്രാഞ്ച് അംഗവുമായിരുന്ന പി. രാധികയെയാണ് ഒന്നര വർഷം മുമ്പ് പാർട്ടി ലോക്കൽ കമ്മിറ്റി പുറത്താക്കിയിരുന്നത്.
പാർട്ടി തീരുമാനത്തിന് വിരുദ്ധമായി കുടുംബശ്രീ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്നാരോപിച്ചായിരുന്നു നടപടി. ലോക്കൽ കമ്മിറ്റി നടപടിക്കെതിരെ രാധിക പാർട്ടി ജില്ല, സംസ്ഥാന കമ്മിറ്റികൾക്ക് പരാതി നൽകിയിരുന്നു. സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം ജില്ല കമ്മിറ്റിയാണ് അന്വേഷണ കമീഷനെ നിയോഗിച്ചത്.
വ്യക്തിതാൽപര്യ ഭാഗമാണ് പുറത്താക്കലെന്നും കുടുംബശ്രീ തെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് പാർട്ടി ഔദ്യോഗികമായി തീരുമാനിച്ചിരുന്നില്ലെന്നും അന്വേഷണ കമീഷൻ കണ്ടെത്തി. തുടർന്നാണ് ലോക്കൽ കമ്മിറ്റി നടപടി റദ്ദാക്കിയത്. ഇതോടെ പാർട്ടി യോഗങ്ങളിൽ ഇനി മുതൽ രാധികക്ക് പങ്കെടുക്കാനാവും.
2014 ൽ ഗോവധ നിരോധനത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റിവൽ നടത്തി പ്രതിഷേധിച്ചപ്പോൾ വണ്ടൂരിൽ ഔദ്യോഗിക പരിപാടിക്കെതിരെ വിമതവിഭാഗം മറ്റൊരു ബീഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ രണ്ടുവിമതരെ പുറത്താക്കിയ നടപടി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി പിന്നീട് റദ്ദാക്കിയിരുന്നു.2011ൽ രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ഒരു ബ്രാഞ്ച് സെക്രട്ടറിെയയും പാർട്ടിയിൽനിന്ന് ഒരുമിച്ച് പുറത്താക്കിയതും ഏറെ വിവാദങ്ങളുണ്ടായതാണ്. ഇതിൽ ഒരു ലോക്കൽ കമ്മിറ്റി അംഗത്തെ പിന്നീട് പാർട്ടി തിരിച്ചെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.